ഭോപ്പാൽ : ജനറൽ ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചയാൾ അറസ്റ്റിൽ. പന്ദാനാ സ്വദേശി ദുർഗേഷ് വസ്കലേ ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചത്.
നാഗാലാന്റിൽ അടുത്തിടെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെടുത്തിയായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ നിങ്ങൾ ഞങ്ങളുടെ കൂട്ടത്തിലെ 14 പേരുടെ ജീവനെടുത്തു, പകരം പ്രകൃതി നിങ്ങളുടെ കൂട്ടത്തിലെ 13 പേരെ വിഴുങ്ങി ‘ എന്നായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷ നേരം കൊണ്ടുതന്നെ ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുകയും, പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ചില ഫേസ്ബുക്ക് ഉപയോക്താക്കളാണ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ദുർഗേഷിനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 297, 153 എ, 153 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments