ബ്രസീലിയ: ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയുന്നത് പോലെ ഒരാളെ റോഡ് മുറിച്ച് കടത്തുന്നതിനായി ചുറ്റുമുള്ള സകലരും വഴിയൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. 2019ൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയാണിത്. രണ്ട് വർഷങ്ങൾക്കിപ്പുറവും ഈ വീഡിയോയുടെ പ്രചാരം ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ പാമ്പായി കരുതുന്ന അനക്കോണ്ടയെ അനുസ്മരിപ്പിക്കും വിധമാണ് കക്ഷിയുടെ രൂപം. പുതിയ മേച്ചിൽ പുറങ്ങൾ തേടി കറങ്ങി നടക്കുകയായിരുന്ന പെരുമ്പാമ്പ് പെട്ടെന്നാണ് റോഡരികിലെത്തിയത്. ഏകദേശം 25 അടി നീളമുള്ള ഈ പെരുമ്പാമ്പിന് റോഡിലെത്തിയതോടെ ആശയക്കുഴപ്പമായി. അന്നേരം റോഡരികിൽ ഉണ്ടായിരുന്നവർ പാമ്പിന്റെ സദുദ്ദേശം മനസിലാക്കി റോഡ് മുറിച്ച് കടക്കാനുള്ള വഴിയൊരുക്കി. റോഡിലെത്തുന്ന വാഹനങ്ങളെല്ലാം പെരുമ്പാമ്പിനോട് ഒരു മീറ്റർ അകലത്തിൽ ശല്യപ്പെടുത്താതെ നിന്നു.
ആരെയും ഉപദ്രവിക്കാനുള്ള ഉദ്ദേശം ചിന്തകളിൽ പോലുമില്ലാതെയാണ് മലമ്പാമ്പിന്റെ നിൽപ്പ്. താമസിയാതെ റോഡ് മുറിച്ച് കടക്കാൻ ആരംഭിച്ചു. വലിപ്പം ഇത്തിരി കൂടുതലായതുകൊണ്ട് തന്നെ പരമാവധി കാലതാമസമെടുത്ത് ഇഴഞ്ഞാണ് കക്ഷി ഒരുവിധം ഡിവൈഡറിലെത്തിയത്. ഒരു നിമിഷം ഡിവൈഡർ നോക്കി നിന്ന് തൊട്ടുപിന്നാലെ അതും മറികടക്കാൻ ആരംഭിച്ചു. ഈ കാഴ്ചകളല്ലാം കണ്ട് ചുറ്റുമുള്ള ഒരു മനുഷ്യൻ പോലും പരിഭ്രാന്തരാകുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വീഡിയോ പകർത്താൻ ശ്രമിക്കുമ്പോഴും കാർ പാർക്ക് ചെയ്ത് നിൽക്കുമ്പോഴും പാമ്പിനെ നോക്കുന്ന ഓരോരുത്തർക്കും ബഹുമാനം മാത്രം. തങ്ങളുടെ വിലപ്പെട്ട സമയം പാഴായി പോയെന്ന ചിന്തയല്ല, മറിച്ച് ഒരു പെരുമ്പാമ്പിന് വഴിയൊരുക്കി കൊടുത്തതിന്റെ സന്തോഷമാണ് ചുറ്റും കൂടിയിരുന്ന ഒരോരുത്തരുടെയും മുഖത്ത്.
എതിർവശത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്ക് നേരെ വെച്ചുപിടിച്ച മലമ്പാമ്പിനെ പുറകെ ചെന്ന് സലാം പറഞ്ഞ് നാട്ടുകാരും പിരിഞ്ഞു. രണ്ട് വർഷം മുമ്പ് ബ്രസീലിലാണ് സംഗതി നടന്നത്. മുപ്പത് കിലോയിലധികം തൂക്കവും നാല് മീറ്ററിലധികം നീളവും വരുന്ന ഈ പെരുമ്പാമ്പ് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഇപ്പോഴും വൈറലാണ്.















