കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇയാൾ കോംഗോയിൽ നിന്നെത്തി സ്വയം നിരീക്ഷണം പാലിച്ചില്ലായെന്നും മാളിലും റെസ്റ്റോറന്റിലും പോയതായും മന്ത്രി അറിയിച്ചു. വിപുലമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും എല്ലാ ജില്ലകളിലും ജാഗ്രതയുണ്ടായിരിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
ഹൈ-റിസ്‌ക് രാജ്യങ്ങളിൽ ഉൾപ്പെടുത്താത്ത സ്ഥലത്ത് നിന്നും വന്നതിനാൽ ഇയാൾക്ക് ക്വാറന്റൈനല്ല മറിച്ച് സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇയാൾ നിർദേശം പാലിച്ചിരുന്നില്ല. റൂട്ട് മാപ്പ് പുറത്തുവിടുന്ന പക്ഷം ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടോയെന്ന വിവരം ശ്രദ്ധിച്ച് ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിൽ വരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവതിക്ക് വിമാനത്തിൽ മാത്രമാണ് സമ്പർക്കമുണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.















