ഛണ്ഡീഗഡ് : പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് ഡ്രോണുകൾ എത്തി. ഗുരുദാസ്പൂർ സെക്ടറിലായിരുന്നു സംഭവം. അതിർത്തി സംരക്ഷണ സേന വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയി.
ഞായറാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. കസോവാൾ അതിർത്തി കടന്നാണ് ഡ്രോൺ പഞ്ചാബിൽ എത്തിയത്. ശബ്ദം കേട്ടതിനെ തുടർന്ന് അതിർത്തി സംരക്ഷണ സേനാംഗങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു. ഡ്രോണിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തു. തുടർന്ന് പാകിസ്താൻ ഭാഗത്തേക്ക് തന്നെ ഡ്രോൺ തിരിച്ച് പറക്കുകയായിരുന്നു.
മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് പഞ്ചാബിൽ ഡ്രോൺ എത്തുന്നത്. വെള്ളിയാഴ്ച പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു.
Comments