നമ്മുടെ പാർലമെന്റിൽ രണ്ട് സുപ്രധാന ബില്ലുകൾ ഇന്നലെ അവതരിപ്പിക്കപ്പെട്ടു. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന ബില്ലും വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലുമാണ് അവതരിപ്പിക്കപ്പെട്ടത്. പതിവ് പോലെ തന്നെ പ്രതിപക്ഷ പാർട്ടികൾ എല്ലാവരും കണ്ണടച്ച് രണ്ട് ബില്ലുകളെയും എതിർത്തു.
ചില ആവേശ കമ്മറ്റിക്കാരായ അംഗങ്ങൾ ബില്ലിന്റെ കോപ്പിയും റൂൾ ബുക്കും കീറിയെറിഞ്ഞതടക്കമുള്ള കലാപ പരിപാടികൾ അവതരിപ്പിച്ചു. പല മതസംഘടനകൾക്കും പകർച്ചവ്യാധി കണക്കെ ഹാലിളകി. ജനാധിപത്യ മര്യാദ പാലിച്ച് വിവാഹ പ്രായം ഉയർത്തുന്ന ബില്ല് കൂടുതൽ പരിശോധനകൾക്കായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയ്‌ക്ക് കേന്ദ്ര സർക്കാർ വിട്ടിരിക്കുകയാണ്.
സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും സ്ത്രീകളുടെ തൊഴിൽപ്രാതിനിധ്യം വർദ്ധിപ്പിക്കൽ എന്നിവയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും ഇതൊന്നും ചെവിക്കൊള്ളാൻ പ്രതിപക്ഷം തയ്യാറല്ല. ജാതി,മത,വർഗ്ഗ വ്യത്യാസമില്ലാതെ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കുക എന്നതാണ് ബില്ലിന്റെ രത്‌ന ചുരുക്കം. മതവാദികളായ മുസ്ലീംലീഗും ഉവൈസിയുടെ പാർട്ടിയും വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത് സ്വാഭാവികം.
എന്നാൽ പുരോഗമന വാദികളെന്നും സ്ത്രീപക്ഷ നിലപാടുകാരെന്നും സ്വയം മേനി നടിക്കുന്ന സിപിഎം അടക്കമുള്ള ഇടത് പാർട്ടികൾ ബില്ലിനെ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീകൾക്ക് നൽകിയ വാക്കാണ് ഇന്നലെ ലോക്‌സഭയിൽ ബിൽ അവതരണത്തിലൂടെ പാലിക്കപ്പെട്ടത്.
കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി സുപ്രധാന ബിൽ അവതരിപ്പിച്ചതോടു കൂടി രാജ്യം സ്ത്രീശാക്തീകരണത്തലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് നടത്തിയത്. രാജ്യത്ത് വിവാഹത്തിനുളള പ്രായം പുരുഷനെന്നപോലെ സ്ത്രീക്കും 21 വയസ്സ് എന്നതാണ് പ്രധാന നിയമഭേദഗതി. ജാതി,മത,വർഗ്ഗ വ്യത്യാസമില്ലാതെ നിയമം രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരുപോലെ ബാധകമാക്കുമെന്ന് ചുരുക്കം. എന്നാൽ 18 വയസ് തികഞ്ഞാൽ മേജറും അതുവരെ മൈനർ എന്ന ഇന്ത്യൻ മെജോരിറ്റി നിയമത്തിലുൾപ്പെട്ട വ്യവസ്ഥയ്‌ക്ക് മാറ്റമുണ്ടാകില്ല.
ബാലവിവാഹ നിരോധന നിയമത്തിൽ ചൈൽഡ് എന്നതിനുള്ള നിർവചനമാണ് മാറുന്നത്. നിലവിലെ നിർവചനമനുസരിച്ച് 21 വയസു തികയാത്ത പുരുഷനും 18 തികയാത്ത സ്ത്രീയും ചൈൽഡ് ആണ്. ഇതിനു പകരമായി പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസുവരെ ചൈൽഡ് എന്നാവും നിർവചനം.
വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കി ഏകീകരിക്കുന്നതിനൊപ്പം ,1956 ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് നിയമത്തിലും വലിയ ഭേദഗതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. സ്വാഭാവിക രക്ഷാകർതൃത്വം സംബന്ധിച്ച വ്യവസ്ഥയിലാണിത്. മൈനർ പെൺകുട്ടി വിവാഹിതയായാൽ രക്ഷാകർതൃത്വ അവകാശം ഭർത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. ആൺകുട്ടിയുടേയും അവിവാഹിതയായ പെൺകുട്ടിയുടേയും രക്ഷാകർതൃത്വം പിതാവിനും അതിനുശേഷം മാതാവിനും എന്ന വ്യവസ്ഥയിലെ ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും.
നിയമപ്രകാരമുള്ള വിവാഹബന്ധത്തിലൂടെയല്ലാതെയുള്ള ആൺകുട്ടിയുടെയും, വിവാഹ ബന്ധത്തിലൂടെയല്ലാതെയുള്ള അവിവാഹിതയായ പെൺകുട്ടിയുടേയും രക്ഷാകർതൃത്വം മാതാവിനും അതിനുശേഷം പിതാവിനും എന്ന വ്യവസ്ഥയിലെയും ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും. പിതാവിനുശേഷം, മാതാവിനുശേഷം എന്നിങ്ങനെ നിയമത്തിൽ പറയുന്നുണ്ടെങ്കിലും, ജെൻഡർ തുല്യതയ്‌ക്കുള്ള ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോഴും ഇരുവർക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് മുൻപ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, പാർസി-വിവാഹ, വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം,വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം എന്നിവയിൽ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയും പക്വതയുമായാൽ പുരുഷനും, പ്രായപൂർത്തിയായാൽ സ്ത്രീക്കും വിവാഹമാവാം. സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇസ്ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോയിൽ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നിയമഭേദഗതി നടപ്പിലാകുന്നതോടെ വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ് എന്നതാവും രാജ്യത്ത് എല്ലാവർക്കും ബാധകമാകുന്ന പ്രായപരിധി.
രാജ്യത്തെ ബഹുഭൂരിപക്ഷം സ്ത്രീ സമൂഹവും നിരവധി സവിശേഷതകളുള്ള ബില്ലിനെ സ്വാഗതം ചെയ്തപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കുമാത്രമാണ് എതിർപ്പുള്ളത്. ശാരീരികവും മാനസികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ സമൂഹം മുന്നേറാതെ രാജ്യത്തിന് സമ്പൂർണ പുരോഗതി കൈവരിക്കാനാവില്ലെന്ന വസ്തുത പോലും മനസിലാക്കാതെയാണ് ബില്ലിനെതിരെ ചിലർ വാളോങ്ങുന്നത്.
Comments