ലണ്ടൻ; മഴവില്ല് കണ്ടാൽ നോക്കി നിൽക്കാത്തവരായി ആരുമില്ല. അപൂർവ പ്രതിഭാസമല്ലെങ്കിൽ പോലും മാനത്ത് മഴവില്ല് വിരിഞ്ഞാൽ പ്രായഭേദമന്യേ ആരും തലയയുർത്തി നോക്കും. ആകാശത്തെ മനോഹരിയാക്കുന്ന ഏഴ് നിറങ്ങളുള്ള മഴവില്ല് കണ്ടുപരിചയിച്ച നമുക്ക് അപരിചിതമായ ഒന്നുണ്ട്. അതാണ് ഒറ്റ നിറമുള്ള മഴവില്ല്.
ഒരേയൊരു നിറത്തിൽ റെയിൻബോ ഉണ്ടാകുന്ന പ്രതിഭാസം ചരിത്രത്തിൽ ആദ്യമായിട്ടല്ല സംഭവിക്കുന്നതെങ്കിലും അത് അപൂർവമായ പ്രതിഭാസമാണ്. വെള്ള നിറമാണ് ഈ റെയിൻബോയ്‌ക്ക് ഉണ്ടാകുക. മൂടൽമഞ്ഞിനാൽ രൂപപ്പെടുന്നതാണിത്. അതുകൊണ്ട് തന്നെ ഈ മഴവില്ല് അറിയപ്പെടുന്നത് റെയിൻബോ എന്നല്ല മറിച്ച് ഫോഗ്‌ബോ എന്നാണ്. അതുപോലെ വൈറ്റ് റെയിൻബോ അഥവ വെള്ള മഴവില്ല് എന്നും ഇത് അറിയപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം മുതൽ ചില ഫോഗ്‌ബോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അപൂർവമായ ഈ കാലാവസ്ഥാ പ്രതിഭാസം കഴിഞ്ഞയിടയ്‌ക്ക് യുകെയുടെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ കിഴക്കൻ തീരത്ത എസ്സെക്‌സ്, സഫോൾക്ക്, നോർഫോൾക്ക് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മാനത്ത് ഫോഗ്‌ബോ ഉണ്ടായത്. കടന്നു പോയ വാരാന്ത്യത്തിൽ ഇംഗ്ലണ്ട് ജനതയെ ഫോഗ്‌ബോ ഹരം കൊള്ളിപ്പിച്ചുവെന്നാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തത്.
മൂടൽമഞ്ഞിലെ ജലകണങ്ങളുടെ സാന്നിധ്യം മൂലം സംഭവ്യമാകുന്നതാണ് വെള്ള മഴവില്ല്. മഴവില്ലുകൾ രൂപപ്പെടുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വക്രീകരണ, പ്രതിഫലന പ്രക്രിയകൾ തന്നെയാണ് ഫോഗ്‌ബോയുടെ രൂപീകരണത്തിനും കാരണമാകുന്നത്. മഴത്തുള്ളികളേക്കാൾ മൂടൽമഞ്ഞിലും മേഘങ്ങളിലുമുള്ള ജലകണങ്ങളാണ് ഫോഗ്‌ബോ സൃഷ്ടിക്കുന്നതെന്ന് മാത്രം. ഈ ജലകണങ്ങൾ മഴത്തുള്ളികളേക്കാൾ താരതമ്യേന ചെറുതാകുമ്പോഴാണ് ഫോഗ്‌ബോയ്‌ക്ക് കൂടുതൽ ധവളനിറം ലഭിക്കുന്നത്.















