ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരനെ സൈന്യം വധിച്ചു. ഒരു എ-കെ 47 റൈഫിളും ഭീകരന്റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അനന്തനാഗിലെ അർവാനിയിലാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ. അർവാനിയിലെ മുമൻഹൽ മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
Comments