ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭാരതപുത്രിയാണ് ഹർനാസ് സന്ധുവെന്ന പഞ്ചാബുകാരി. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം അഭിമാനപൂരിതമാക്കിയ നിമിഷമായിരുന്നു അത്. ഈ മാസം ഇസ്രായേലിലെ എയ്‌ലറ്റിൽ നടന്ന ചടങ്ങിലായിരുന്നു ഹർനാസ് സന്ധുവിനെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത്. ഇതോടെ സുസ്മിത സെന്നിനും ലാറ ദത്തയ്‌ക്കും ശേഷം മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി ഹർനാസ് മാറി.
ഇപ്പോൾ തന്റെ ബോളിവുഡ് പ്ലാനുകളെക്കുറിച്ചും ഭാവിയിലെ പദ്ധതികളെക്കുറിച്ചും ദേശീയമാദ്ധ്യമത്തോട് പങ്കുവെച്ചിരിക്കുകയാണ് ഹർനാസ് സന്ധു. താൻ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് എങ്ങിനെയുള്ള വ്യക്തിയെ ആണെന്നും വിശ്വസുന്ദരി വെളിപ്പെടുത്തി.
വളരെ ശക്തനായ സമ്പന്നനെയാണോ അതോ ജീവിക്കാൻ പോരാടുന്ന യുവാവിനെയാണോ താങ്കൾ ഡേറ്റ് ചെയ്യാൻ താൽപര്യപ്പെടുക എന്ന ചോദ്യത്തിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ പോരാടുന്ന യുവാവിനെയായിരിക്കും ഞാൻ ഡേറ്റ് ചെയ്യാൻ താൽപര്യപ്പെടുക. കാരണം ഞാൻ പോരാടിയ വ്യക്തിയാണ്. ഇനിയും പോരാടുക തന്നെ ചെയ്യും. ജീവിതത്തിൽ പ്രയാസപ്പെട്ട് തന്നെ നേട്ടങ്ങൾ കൈവരിക്കണമെന്നാണ് ഞാൻ കരുതുന്നത്. എങ്കിൽ മാത്രമേ നേട്ടങ്ങളുടെ മൂല്യം തിരിച്ചറിയുകയുള്ളൂ’ ഹർനാസ് സന്ധു പറഞ്ഞു.
കിരീട നേട്ടത്തിന് ശേഷമുള്ള സന്ധുവിന്റെ ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ചും അതിൽ സഹപ്രവർത്തകരായി ആരെയെല്ലാം ആഗ്രഹിക്കുന്നുവെന്ന ചോദ്യത്തിനോടും അവർ പ്രതികരിച്ചു. മുൻ ലോകസുന്ദരിയും മികച്ച അഭിനേതാക്കളിലൊരാളുമായ പ്രിയങ്ക ചോപ്ര, മുൻ വിശ്വസുന്ദരിമാരും ബോളിവുഡ് നടിമാരുമായ സുസ്മിതാ സെൻ, ലാറ ദത്ത എന്നിവരോടൊപ്പം തന്റെ ആദ്യ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇവർ മൂന്ന് പേരുമുൾപ്പെടുന്ന, സ്ത്രീശാക്തീകരണം പ്രമേയമാക്കിയ സിനിമ എത്രമാത്രം തീക്ഷ്മണമായിരിക്കുമെന്നും ഹർനാസ് സന്ധു അഭിപ്രായപ്പെട്ടു.
2017ലാണ് ഹർനാസ് സന്ധു മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർനാസ് 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
Comments