തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധം തണുപ്പിക്കാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി കെ റെയിൽ. പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്നവർക്ക് കോടികളുടെ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വാക്ക് പാലിക്കുന്നുണ്ടെന്നുമാണ് പ്രചരിപ്പിക്കുന്നത്. സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രചാരണം നടക്കുന്നത്.
ദേശീയ പാതയ്ക്ക് ഭൂമി കൈമാറിയവർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് കെ റെയിൽ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. സർക്കാർ പദ്ധതികൾക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് കണ്ണഞ്ചിപ്പിക്കുന്ന തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. അക്കൗണ്ടിൽ പണം വന്നതിന് ശേഷം മാത്രമാണ് ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത് എന്നും പറയുന്നുണ്ട്.
ഭൂമി നൽകുന്നവർക്ക് വലിയ തുക നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ജനങ്ങളെ ധരിപ്പിക്കാൻ വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ഗൂഢനീക്കമാണിത്. ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നതിലൂടെ നിലവിലുള്ള പ്രതിഷേധം തണുപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്നും ഒരു പടിപിന്നോട്ട് പോകില്ല എന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികളും ജനങ്ങളും.
Comments