ജക്കാർത്ത: സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ തള്ളിയത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളുമായാണ് ബോട്ട് എത്തിയിരിക്കുന്നത്. ബോട്ട് യന്ത്രതകരാർ മൂലം കടലിൽ കുടുങ്ങി കിടക്കുകയായിരുന്ന ബോട്ട് സുമാത്ര ദ്വീപിൽ നിന്നും പോയ മത്സ്യതൊഴിലാളികളാണ് നടുക്കടലിൽ കണ്ടെത്തിയത്.
തുടർന്ന് നാവിക സേനയുടെ സഹായത്തോടെ ബിരെയുൻ തീരത്തെത്തിച്ചു. ബോട്ടിലുള്ളവർക്ക് അഭയം നൽകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്തോനേഷ്യ. ‘റോഹിങ്ക്യകൾ ഇന്തോനേഷ്യൻ പൗരന്മാരല്ല, അഭയാർത്ഥികളായി പോലും അവരെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയില്ല, ഇത് സർക്കാർ നയമാണെന്നും പ്രാദേശിക നാവികസേന ഉദ്യോഗസ്ഥനായ ഡയാൻ സൂര്യൻസ്യ പറഞ്ഞു. അപകടത്തിൽപ്പെട്ട കപ്പലിന് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ഉൾപ്പെടെയുള്ള മാനുഷിക സഹായം നൽകുമെന്ന് അറിയിച്ച ഡയാൻ, അഭയാർത്ഥികളെ സംബന്ധിച്ച 1951 ലെ യു.എൻ കൺവെൻഷനിൽ ഇന്തോനേഷ്യ ഒപ്പുവച്ചിട്ടില്ലാത്തതിനാൽ റോഹിങ്ക്യക്കാരെ സ്വാഗതം ചെയ്യേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും കൂട്ടിച്ചേർത്തു.
മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികൾ വർഷങ്ങളായി മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടൽമാർഗ്ഗം കുടിയേറാൻ ശ്രമിക്കാറുണ്ട്. കടൽ ശാന്തമാകുന്ന നവംബർ മുതൽ ഏപ്രിൽ വരെ സമയങ്ങളിലാണ് കുടിയേറ്റം കൂടുതലായും നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ദ്വീപ് രാഷ്ട്രങ്ങളെല്ലാം നിതാന്ത ജാഗ്രതയിലാണ്.
Comments