ഭോപ്പാൽ : വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജബുവ സ്വദേശികളായ ഫാദർ ജാം സിംഗ് ദിൻദോർ, പാസ്റ്റർ അൻസിംഗ് നിനാമ, മംഗു മെഹ്താബ് എന്നിവരാണ് അറസ്റ്റിലായത്. മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി.
പ്രദേശവാസിയായ തെതിയ ബാരിയ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സൗജന്യ ചികിത്സയുൾപ്പെടെ വാഗ്ദാനം ചെയ്താണ് ഇവർ വനവാസികളെ മതപരിവർത്തനത്തിന് ഇരയാക്കുന്നതെന്ന് ഇയാളുടെ പരാതിയിൽ പറയുന്നു.
സൗജന്യ വിദ്യാഭ്യാസം, ചികിത്സ, പണം എന്നിവ വാഗ്ദാനം ചെയ്താണ് മൂവർ സംഘം ഗ്രാമീണരെ മതം മാറ്റാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇവരെ പ്രാർത്ഥനാ മുറിയിയിലേക്ക് വിളിച്ചുവരുത്തി ദേഹത്ത് വെള്ളം തളിച്ചു. പിന്നീട് ബൈബിൾ വായിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്തിടെയായി മദ്ധ്യപ്രദേശിൽ വനവാസികളെ മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു.
Comments