തൃശൂർ: രാത്രികാല നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ രാത്രി ദർശനത്തിന് ക്രമീകരണം. ഇന്നുമുതൽ ജനുവരി രണ്ട് വരെ രാത്രി പത്തുമണിക്കായിരിക്കും ക്ഷേത്രം അടയ്ക്കുക.
ഡിസംബർ 31 മുതൽ ഞായറാഴ്ച വരെ എല്ലാ ദിവസവും രാവിലെ 5 മണി മുതൽ മാത്രമായിരിക്കും ഭക്തർക്ക് ദർശനം അനുവദിക്കുക. രണ്ടാം തിയതി വരെ കൃഷ്ണനാട്ടം കളിയും ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ദിവസങ്ങളിൽ കൃഷ്ണനാട്ടത്തിന് ബുക്ക് ചെയ്തവർക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളിൽ വഴിപാട് നടത്താൻ അവസരം നൽകും. സുരക്ഷയെ മുൻനിർത്തി ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.
കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments