ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര നേടാനുറച്ച് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. രണ്ടാം ടെസ്റ്റിൽ പ്രോട്ടിയാസിനെതിരെ തങ്ങളുടെ ഭാഗ്യ മൈതാനമായ വാണ്ടറേഴ്‌സിലാണ് മത്സരം നടക്കുന്നത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നേവരെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടില്ല.
ഏറെ പ്രതീക്ഷയോടെയാണ് വിരാട് കോഹ്‌ലിയുംടീമും ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിൽ പേസ് ബൗളർമാരുടെ മികവിൽ ആതിഥേയരെ തകർത്ത അതേ ടീമാണ് ഇന്നും ഇറങ്ങുന്നത്. ബാറ്റിംഗിൽ മികച്ച നേട്ടങ്ങൾ കൊയ്ത മൈതാനത്ത് 2022ലെ തന്റെ ആദ്യ സെഞ്ച്വറി നേടുമോ എന്ന ആകാംഷയിലാണ് കോഹ്‌ലി ആരാധകർ. ബാറ്റിംഗിൽ ഫോംകണ്ടെത്താനാകാത്ത ചേതേശ്വർ പൂജാരയെ മാറ്റുന്നില്ലെന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടറായ ഹനുമാ വിഹാരിക്ക് അവസരം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു.
വ്യക്തിഗത റെക്കോഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. വാണ്ടറേഴ്‌സിൽ കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന ആദ്യ വിദേശതാരമെന്ന നേട്ടമാണ് കാത്തിരിക്കുന്നത്. നിലവിൽ ന്യൂസിലാ ന്റിന്റെ ജോൺ റീഡിന്റെ 316 റൺസാണ് പട്ടികയിലുള്ളത്. 310 റൺസുമായി കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. ജോഹന്നാസ്ബർഗിൽ രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധ സെഞ്ച്വറിയും കോഹ്‌ലി നേടിയിട്ടുണ്ട്.















