തിരുവനന്തപുരം: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി ബന്ധമുള്ളവർ കേരളത്തിലേക്കും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി.
അൻസാറുള്ള ബംഗ്ലാ ടീം (ABT) അഥവാ അൻസാർ അൽ ഇസ്‌ലാം എന്ന പേരിൽ അറിയപ്പെടുന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളുടെ സാന്നിധ്യസാധ്യതയാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ബംഗ്ലാദേശിലെ നിരോധിത തീവ്രവാദ ശൃംഖലകളായ അൻസാർ അൽ ഇസ്‌ലാമിനും ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശിനും (JMB) നിരവധി ഭീകരാക്രമണക്കേസുകളിൽ പങ്കുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ ഭരണകൂട വിരുദ്ധ കലാപത്തിന് പിന്നാലെ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരിൽ ചിലർ കേരളത്തിലെത്തിയിരിക്കാമെന്ന വിവരങ്ങളും രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇവർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സംഘടിത ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സംശയാസ്പദ നീക്കങ്ങളും വിദേശ ബന്ധങ്ങളും കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരശേഖരണം ഊർജിതമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ജാഗ്രതാ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുന്നത്.















