തൃശൂർ ; സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ നിയമലംഘനം. തൃശൂർ കണ്ണാറയിൽ എഎസ്ഐയും സംഘവും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി. മലപ്പുറം പോലീസ് ക്യാമ്പിലെ എഎസ്ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് മദ്യപിച്ച് വാഹനമോടിച്ചത്. സംഭവത്തിൽ എഎസ്ഐയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. കണ്ണാറ റോഡിൽ മദ്യപിച്ച് വാഹനമോടിച്ച ഇവർ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം വണ്ടി നിർത്താതെ പോകുകയായിരുന്നു. പ്രശാന്ത് ആണ് വാഹനമോടിച്ചത്. തുടർന്ന് ഒരു കിലോമീറ്ററോളം യാത്ര ചെയ്തശേഷം കാറിലെ കേടുപാടുകൾ നോക്കാൻ നിർത്തിയപ്പോഴാണ് നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടിയത്. പ്രകോപിതരായ നാട്ടുകാരിൽ നിന്നും പോലീസ് എത്തിയാണ് എഎസ്ഐയെ രക്ഷിച്ചത്.
കണ്ണാറയിലെ ഒരു വീട്ടിൽ നിന്നും പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. മൂന്ന് പേരും കുറേയേറെ മദ്യപിച്ചിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments