ജെനീവ: കൊറോണയുടെ ഒമിക്രോൺ വകഭേദത്തെ നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അതിവേഗമാണ് ഒമിക്രോൺ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. അപകടസാധ്യത കുറവാണെന്ന് പറഞ്ഞ് ഒമിക്രോണിനെ നിസാരവത്കരിക്കരുത്. ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിന് അപകടസാധ്യത കുറവാണെങ്കിലും, ഒമിക്രോൺ പേടിക്കേണ്ട വകഭേദമാണെന്ന് അർത്ഥമില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വാക്‌സിനേഷൻ എടുത്തവരിൽ ഇത് ഉണ്ടാക്കുന്ന ആഘാതം കുറവായിരിക്കും. പക്ഷേ നിസാരമെന്ന് പറഞ്ഞ് ഒമിക്രോൺ തള്ളിക്കളയാനാകില്ല. പല രാജ്യങ്ങളിലും ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഡെൽറ്റയെക്കാളും വേഗത്തിൽ ഒമിക്രോൺ ആളുകളെ ആശുപത്രിയിലാക്കുന്നു. അവയ്‌ക്ക് ആളുകളെ കൊല്ലാനും കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച മാത്രം 95 ലക്ഷത്തിനടുത്ത് കൊറോണ കേസുകളാണ് ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിന് മുൻപത്തെ ആഴ്ചയെക്കാൾ 71 ശതമാനം വർധന വരുമിത്.
വാക്‌സിനേഷൻ സ്വീകരിക്കാത്തവർ എത്രയും വേഗം അത് സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളിൽ 92 രാജ്യങ്ങളും വാക്‌സിനേഷനിൽ അവർ വച്ച ലക്ഷ്യം പൂർത്തിയാക്കിയിട്ടില്ല. 36 രാജ്യങ്ങൾ 10 ശതമാനം പോലും ലക്ഷ്യം നേടാത്ത രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ ലഭ്യമാകാത്തതിന്റെ കുറവും ഈ രാജ്യങ്ങൾക്കുണ്ട്. കൊറോണ മാനദണ്ഡങ്ങൾ മുൻപത്തെ പോലെ കർശനമായി തന്നെ പാലിക്കണം. മാസ്‌ക് ധരിക്കുന്നത് ഒരു കാരണവശാലും ഒഴിവാക്കരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.















