വയനാട് : മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാളി സ്വദേശിനിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നിർമ്മല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ബിമലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സലിവാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേപ്പാളി സ്വദേശികളായ ദമ്പതികൾ വ്യാഴാഴ്ചയാണ് നിർമല എസ്റ്റേറ്റിൽ ജോലിയ്‌ക്കെത്തുന്നത്. ഇന്നലെ ഒരു ദിവസം ജോലി ചെയ്ത യുവതിയോട് ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകാമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. എന്നാൽ യുവതി ഇതിന് വിസമ്മതിച്ചു. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് മരപ്പലക കൊണ്ട് യുവതിയുടെ തലയ്‌ക്കടിക്കുകയുമായിരുന്നു.
തുടർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ തോട്ടമുടമ നടത്തിയ പരിശോധനയിൽ യുവതിയെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.തുടർന്ന് മാവൂർ റോഡ് പൊതു ശ്മശാനത്തിൽ അടക്കം ചെയ്യാനാണ് തീരുമാനം.
Comments