തിരുവനന്തപുരം : കേരളത്തിൽ റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷൻ മുടങ്ങിക്കിടക്കുകയാണ്. മൂന്ന് ദിവസമായി ആളുകൾ സാധനങ്ങൾ വാങ്ങാൻ എത്തുമ്പോഴും ഇതാണ് അവസ്ഥയെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
മെഷീനിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് അധികൃതരെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായിട്ടില്ലെന്നുമാണ് റേഷൻ കടയുടമകളുടെ പരാതി. റേഷൻ വ്യാപാരികളുടെ സംഘടനയും കഴിഞ്ഞ ദിവസം പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എന്നാൽ ഇപ്പോഴും സാങ്കേതികതകരാറ് പരിഹരിച്ചില്ല. പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്.
എന്നാൽ ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ പോസ് മെഷീൻ പണിമുടക്കുന്നത്. നിരന്തരം തകരാർ വരുന്ന സാഹചര്യത്തിൽ നന്നാക്കുകയല്ലാതെ മറ്റ് പരിഹാരം ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പരാതി. സർവർ തകരാറിലയാതോടെ കടകൾ പൂർണ്ണമായും അടച്ചിടേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.
Comments