ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് അതിവേഗമാണ് കൊറോണയുടെ ഒമിക്രോൺ വകഭേദം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗതീവ്രത കുറവാണെന്നത് മാത്രമാണ് ആശ്വാസം തരുന്ന ഏക കാര്യം. എന്നാൽ മുതിർന്നവരെ സംബന്ധിച്ച് ഇത് ശരിയാണെങ്കിലും കുട്ടികളിൽ അങ്ങനെയല്ലെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. കടുത്ത പനി, വിറയൽ തുടങ്ങിയ ലക്ഷണങ്ങളെല്ലാം കൊറോണ ബാധിതരായ കുട്ടികളിൽ കണ്ടുവരുന്നതായി ഡൽഹി ഗംഗാറാം ആശുപത്രിയിലെ പീഡിയാട്രിക് പൾമണോളജിസ്റ്റ് ഡോ.ധിരേൻ ഗുപ്ത പറയുന്നു.
11 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നതായി ഡോക്ടർ പറയുന്നു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളും പനിയും വിറയലുമായി കൊറോണ ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. താൻ ചികിത്സിച്ച കൊറോണ രോഗികളായ ഒൻപത് കുട്ടികളിൽ ഒരാൾക്ക് വെന്റിലേറ്റർ സഹായം വേണ്ടി വന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.
ഒമിക്രോൺ തീവ്രത മുതിർന്നവരിൽ കുറയുമ്പോൾ കുട്ടികളിൽ രൂക്ഷമാകുന്നുവെന്ന ആശങ്കയാണ് ഉണ്ടാകുന്നത്. ഒമിക്രോൺ വൈറസ് ശ്വാസകോശനാളിയുടെ മുകൾ ഭാഗത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇത് മൂലം ജലദോഷം, തലവേദന, മൂക്കൊലിപ്പ്, വിറയലോട് കൂടിയ പനി തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം രോഗികളിൽ കാണപ്പെടുന്നുണ്ട്. കൊറോണ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോൾ മണവും രുചിയും ഒമിക്രോൺ രോഗികളിൽ നഷ്ടമാകുന്നില്ലെന്നും ഡോ.ഗുപ്ത പറയുന്നു. 10ൽ രണ്ട് രോഗികൾക്ക് മാത്രമാണ് മണവും രുചിയുമെല്ലാം നഷ്ടമായതായി റിപ്പോർട്ട് വരുന്നത്. വാക്‌സിൻ എടുത്തവരിൽ രോഗതീവ്രത കുറവാണെന്നും ഡോക്ടർ പറയുന്നു.















