പല വിചിത്രമായ കാര്യങ്ങൾ ചെയ്ത് അവ ക്യാമറയിൽ പകർത്തി വൈറലാകുന്ന നിരവധി പേരുണ്ട്. അത്തരക്കാർ പലരും ലോക റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. ഒരേസമയം ഭയപ്പെടുത്തുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഒരു കൊതുകോ ഈച്ചയോ നമ്മുടെ തൊലിപ്പുറത്ത് വന്നിരിക്കുമ്പോൾ തന്നെ വല്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെടുക. എന്തിനേറെ ഈച്ചകൾ നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നതും നമ്മെ അലോരസപ്പെടുത്താറുണ്ട്. അപ്പോഴാണ് ഒരാൾ തന്നിലേക്ക് സകല ഈച്ചകളെയും ആകർഷിച്ച് ശരീരം ഈച്ചകളാൽ പൊതിയാൻ ശ്രമിക്കുന്നത്.
വട്ടുപിടിച്ച പരിപാടി എന്ന് തോന്നുമെങ്കിലും ഈച്ചകളെ ശരീരത്തിൽ പൊതിഞ്ഞ കക്ഷി ഗിന്നസിൽ ഇടം നേടി. ചൈനീസുകാരനായ റുവാൻ ലിയാംഗ്മിങ് ആണ് ഈ ഈച്ചപ്രേമി. റെക്കോർഡ് സൃഷ്ടിച്ചത് 2016ലായിരുന്നുവെങ്കിലും ഗിന്നസ് അധികൃതർ ഫേസ്ബുക്ക് പേജിലൂടെ റുവാന്റെ നേട്ടം ഇപ്പോൾ പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങൾ വീണ്ടും വൈറലായത്.
ഏകദേശം ആറ് ലക്ഷത്തിലധികം ഈച്ചകൾ തന്റെ ശരീരത്തിൽ പൊതിയുന്ന ദൃശ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. മാസ്‌ക് ധരിച്ച് ശരീരം സുരക്ഷിതമായ ആവരണം കൊണ്ട് മൂടിയ ആളുകൾ ചേർന്നാണ് റുവാന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഇവർ വലിയ പാത്രങ്ങളിലായി തേനീച്ചകളെ കൊണ്ടുവരികയും അവ റുവാന്റെ ശരീരത്തിലേക്ക് പകർത്തുകയും ചെയ്തു. ഗിന്നസ് അധികൃതർ പുറത്തുവിടുന്ന കണക്ക് പ്രകാരം റുവാന്റെ ശരീരത്തിലെ കണ്ണുകളും മൂക്കും ഉൾപ്പെടെ സകല അവയവങ്ങളും പൊതിഞ്ഞത് 6,37,000 തേനീച്ചകൾ ചേർന്നാണ്. വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ 29 ദശലക്ഷം കാഴ്ചക്കാരാണുണ്ടായത്.















