ഇംഫാൽ : മണിപ്പൂർ പോലീസിന്റെ ഭാഗമായി ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു. മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടായി ( കായികം) ചുമതലയേറ്റു. ടോക്യോ ഒളിമ്പികിസിൽ ഭാരോദ്വഹനത്തിനാണ് ചാനുവിന് വെള്ളിമെഡൽ ലഭിച്ചത്.
മണിപ്പൂർ മുഖ്യമന്ത്രി നോംഗ്‌തോംബം ബിരേൻ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മീരാഭായ് ചാനു ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. മണിപ്പൂർ പോലീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് ചാനു പറഞ്ഞു.
മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ആയി ചുമതലയേറ്റു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ അവസരം ഒരുക്കി തന്ന മണിപ്പൂരിനും, മുഖ്യമന്ത്രി നോംഗ്്‌തോംബം ബിരേൻ സിംഗിനും നന്ദി അറിയിക്കുന്നു. തനിക്കും ഇന്നോളം ഉറച്ച പിന്തുണ നൽകി കൂടെ നിന്ന മാതാപിതാക്കൾക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. തനിക്ക് വേണ്ടി നടത്തിയ ത്യാഗങ്ങൾക്ക് അമ്മയോടും അച്ഛനോടും നന്ദി പറയുന്നുവെന്നും മീരാഭായ് ചാനു ട്വിറ്ററിൽ കുറിച്ചു.
ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് മീരാഭായ് ചാനു വെള്ളിമെഡൽ സ്വന്തമാക്കിയത്. ഈ ഇനത്തിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഇവർ. അഭിമാന നേട്ടത്തിന് പിന്നാലെ മീരാഭായ്‌ക്ക് ജോലിയും ഒരു കോടി രൂപ ധനസഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ആണ് യാഥാർത്ഥ്യം ആയിരിക്കുന്നത്. ചുമതലയേറ്റ ശേഷം ഒരു കോടി രൂപയും ചാനുവിനും കുടുംബത്തിനും സർക്കാർ കൈമാറി.
Comments