ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയ്ക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ വിഷ്ണു മോഹൻ. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതിനെതിരെയാണ് ആളുകൾ പ്രചാരണം നടത്തുന്നത്. എന്നാൽ കൊറോണ കാലത്ത് ആംബുലൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായപ്പോൾ സേവാഭാരതിയാണ് അന്ന് സൗജന്യമായി ആംബുലൻസ് നൽകിയത് എന്ന് സംവിധായകൻ പറഞ്ഞു.
സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ അറിയപ്പെടുന്ന എൻജിഒ ആണ്. അത് ബ്ലാക്ക് ലിസ്റ്റിലുള്ള സംഘടനയല്ലെന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒഴിച്ചുകൂടാനാവാത്ത സംഘടനയാണ് സേവാഭാരതി. പോലീസും ഫയർഫോഴ്സും കഴിഞ്ഞാൽ എന്തിനും അവർ മുന്നിലെത്താറുണ്ടെന്നും അവരെ ഒഴിച്ചുനിർത്തി എങ്ങനെ സിനിമ ചെയ്യാൻ സാധിക്കുമെന്നും വിഷ്ണു മോഹൻ ചോദിച്ചു.
കൊറോണ ആയത് കാരണം ആംബുലൻസ് ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് സേവാഭാരതിയാണ് സൗജന്യമായി ആംബുലൻസ് നൽകിയത്. അത് കാരണമാണ് സേവാഭാരതിയുടെ ആംബുലൻസ് തന്നെ ഉപയോഗിച്ചതെന്നും അതിൽ താൻ സ്റ്റിക്കർ ഒട്ടിച്ചതല്ലെന്നും വിഷ്ണു മോഹൻ വ്യക്തമാക്കി. അതുകൊണ്ട് തന്നെയാണ് സേവാഭാരതിക്ക് നന്ദിയറിയിച്ചത് എന്നും വിഷ്ണു വ്യക്തമാക്കി. ഒരു ആംബുലൻസ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകൾ ഇങ്ങനെ പറയാൻ നിന്നാൽ ഇവിടെ സിനിമ ചെയ്യാൻ പറ്റില്ലെന്നും വിഷ്ണു പറഞ്ഞു.
സിനിമയിലെ നായകൻ ഹിന്ദു മതാചാരങ്ങൾ നിർവ്വഹിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വിളക്കും ചന്ദനത്തിരിയും കത്തിക്കുന്നതും ശബരിമലയ്ക്ക് പോകുന്നതും തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും വിഷ്ണു വ്യക്തമാക്കുന്നു. ഇങ്ങനെ ചിന്തിച്ചാൽ പണ്ട് പുറത്തിറങ്ങിയ സിനിമകൾക്കെതിരെ എന്തൊക്കെ പ്രതിഷേധങ്ങൾ നടക്കണം. തന്റെ ചിത്രത്തിലൂടെ എല്ലാ ദൈവങ്ങളിലുമുള്ള വിശ്വാസത്തെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള സിനിമകൾ ചെയ്യുമെന്നും വിഷ്ണു മോഹൻ വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (യുഎംഎഫ്) ആണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ ആണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.
Comments