കോട്ടയം; ഏറ്റുമാനൂരിലെ പുളിമൂട് ജംഗ്ഷനിൽ എടിഎം തകർത്ത് കവർച്ചാ ശ്രമം. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. എടിഎം മെഷീൻ പൂർണമായും തകർന്ന നിലയിലാണ്.
നീല ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് കവർച്ചാ ശ്രമം നടത്തിയത്. കമ്പി ഉപയോഗിച്ച് എടിഎം തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംക്രാന്തി-പേരൂർ റോഡിൽ പുളിമൂട് കവലയിൽ എസ്ബിഐയുടെ എടിഎമ്മാണ് കുത്തി പൊളിച്ചത്. എന്നാൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബാങ്ക് ജീവനക്കാർ ഇക്കാര്യം അന്വേഷിച്ച് വരികയാണ്.
ഞായറാഴ്ച പുലർച്ചെ 2.39ഓടെയാണ് സംഭവം. പുലർച്ചെ ഇതുവഴിയെത്തിയ യാത്രക്കാരനാണ് എടിഎം തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. ഏറ്റുമാനൂർ സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.














