കൊച്ചി: പുതിയ ചിത്രമായ ആറാട്ടിന്റെ ഒഫീഷ്യൽ ട്രെയ്ലർ ഈമാസം 4 ന് പുറത്തിറക്കുമെന്ന് മോഹൻലാൽ. വൈകീട്ട് 5 മണിക്കാണ് ലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങുക. സമൂഹമാദ്ധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് വിവരം പുറത്ത് വിട്ടത്. മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്.
‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രദ്ധ ശ്രീനാഥ്, സായ് കുമാർ, സിദ്ദീഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി, നെടുമുടി വേണു തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലായിരുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയായിരുന്നു. മരക്കാറിനും ബ്രോ-ഡാഡിയ്ക്കും ശേഷം എത്തുന്ന ആറാട്ടിനെയും സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘ഇട്ടിമാണി മേഡ് ഇൻ ചൈന’യ്ക്കുശേഷം മോഹൻലാൽ അഭിനയിക്കുന്ന കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.
Comments