ന്യൂഡൽഹി: എയ്ഡ്സ് രോഗിയിൽ നിന്നും പത്ത് കിലോയിൽ അധികം തൂക്കമുള്ള മുഴ വിജയകരമായി എടുത്ത് മാറ്റി ഡോക്ടർമാർ. പ്രായമായ എയ്ഡ്സ് രോഗിയുടെ വൃക്കയിൽ നിന്നാണ് ഡോക്ടർമാർ മുഴ എടുത്ത് മാറ്റുന്ന ശസ്ത്രക്രിയ നടത്തിയത്. ഡൽഹിയിലായിരുന്നു സംഭവം. ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ആദ്യമായാണ് ഇത്രയും ഭാരമുള്ള മുഴ വൃക്കയിൽ നിന്നും പുറത്തെടുക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ശസ്ത്രിക്രിയ വിജയകരമായതോടെ 59 വയസുള്ള കെനിയൻ സ്ത്രീക്കാണ് പുതുജീവൻ ലഭിച്ചത്. എട്ടരമണിക്കൂർ നേരത്തെ ശസ്ത്രക്രിയയാണ് വിജയകരമായത്. 40 സെന്റിമീറ്റർ നീളവും 30 സെന്റിമീറ്റർ വീതിയുമാണ് മുഴയ്ക്ക് ഉണ്ടായത്.
സാധാരണ ലാപ്ടോപ്പുകളുടെ വലിപ്പത്തേക്കാൾ കൂടുതലാണ് മുഴയുടെ വലിപ്പമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. രോഗിയുടെ വയറ് മുഴുവനായും ഈ ട്യൂമർ നിറഞ്ഞ് നിൽക്കുകയായിരുന്നു. എച്ച്ഐവി ബാധിതയായ, പ്രായമായ രോഗിയിൽ നിന്നും ട്യൂമർ എടുത്തുമാറ്റുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഷാലിമർ ബാഗിലുള്ള മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡിസംബറിലാണ് ശസ്ത്രക്രിയ നടന്നത്.
Comments