ഹൈദരാബാദ് : ഹൈദരാബാദിലെ സമത്വ പ്രതിമ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമാനുജാചാര്യന്റെ സഹസ്രാബ്ദി സമാരോഹത്തിലും അമിത് ഷാ പങ്കെടുത്തു. മുച്ഛിന്താലിൽ ചിന്ന ജീയർ സ്വാമി ആശ്രമത്തിൽ വെച്ചാണ് പ്രത്യേക പരിപാടികൾ നടന്നത്. യാഗശാലയിൽ നടത്തിയ യാഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അമിത് ഷായെ തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം സമത്വ പ്രതിമ സന്ദർശിച്ചു. ആശ്രമത്തിൽ നിർമ്മിച്ചിരിക്കുന്ന 108 ദിവ്യദേശ ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തി.
എല്ലാ ജീവജാലങ്ങളും തുല്യരാണ് എന്നതാണ് രാമാനുജാചാര്യരുടെ ജീവിതത്തിൽ നിന്നുള്ള സന്ദേശമെന്ന് അമിത് ഷാ പറഞ്ഞു. ആരോടും മുഷിപ്പോടെ സംസാരിക്കാതെയും തന്റെ പ്രവൃത്തികളിലൂടെ ആരെയും വേദനിപ്പിക്കാതെയും അദ്ദേഹം വേദങ്ങളുടെ അടിസ്ഥാന വാക്യങ്ങൾ സ്വീകരിച്ചുകൊണ്ട് സമൂഹത്തിൽ ഉണ്ടായിരുന്ന അനാവശ്യമായ നിരവധി ആചാരങ്ങൾ തകർത്തു.
സമത്വത്തിന്റെ ഈ പ്രതിമ ദൂരെ നിന്ന് നോക്കിയാൽ വളരെ അത്ഭുതകരമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാമാനുജാചാര്യൻ രാജ്യത്ത് സനാതന ധർമ്മം പ്രോത്സാഹിപ്പിക്കുകയും ലോകത്തിന് മുഴുവൻ സമത്വത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. സമത്വ പ്രതിമ ആത്മാവിന് ശാന്തി നൽകുന്നതാണ്.
രാജ്യത്തെ ഹൈന്ദവ പണ്ഡിതരാണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നിങ്ങളെയെല്ലാം ഇവിടെ കാണുമ്പോൾ, ഞങ്ങളുടെ യാത്ര ഒരിക്കലും നിലയ്‌ക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നിങ്ങൾ ഒരിക്കൽ കൂടി വിജയികളായി ലോകമെമ്പാടും അറിവ് പകരുമെന്നും അമിത് ഷാ വ്യക്തമാക്കി.















