ലക്നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജനങ്ങളോട് സമ്മതിദായകാവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റ്. എല്ലാവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ യതിരാജ് പറഞ്ഞു. വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വീഡിയോയിലൂടെയായിരുന്നു അദ്ദേഹം നിർദ്ദേശവുമായി രംഗത്തുവന്നത്.
ഗൗതം ബുദ്ധാ നഗറിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ 58 നിയോജക മണ്ഡലങ്ങളിലാണ് നാളെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിലെ നോയിഡ, ദാദ്രി, ജെവാർ എന്നീ നിയോജക മണ്ഡലങ്ങലിലാണ് നാളെ വോട്ടെടുപ്പ്. 2017 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലും പോളിംഗ് ശതമാനം വളരെ കുറവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഏവരും വോട്ടു ചെയ്യണമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്.
ജില്ലയിലെ എല്ലാവരും തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിക്കണം. കാരണം നമ്മുടെ വോട്ട് അവകാശത്തിനനുസരിച്ചാണ് ലോകത്തിന്റെ നിലനിൽപ്പ്. നമ്മുടെ വോട്ടുകൾ ലോകത്തെ സ്വാധീനിക്കുന്നുവെന്നും യതിരാജ് വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തിന്റെ ആധാരശിലയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ജനാധിപത്യത്തിന്റെ കേന്ദ്രം ജനങ്ങളാണെന്നും അദ്ദേഹം ഓർമ്മിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ജില്ലയിൽ നിന്നുള്ള വോട്ടിംഗ് ശതമാനം വളരെ കുറവാണ്. നോയിഡയിൽ 50 ശതമാനം പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. അതിന് നിരവധി കാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തിരുത്തി പുതിയൊരു ചരിത്രം രചിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments