കൊറോണ വൈറസ് വ്യാപനം എല്ലാവർക്കും ആരോഗ്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. ആരോഗ്യം മെച്ചപ്പെടണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം. കൊറോണ പടർന്നു പിടിച്ചതോടെ ആളുകൾ കൂടുതലായും ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. അധികം എണ്ണ ചേർന്ന ഭക്ഷണം കൊളസ്ട്രോളിന്റെ ലെവൽ ഉയർത്തുന്നു, ഇത് ധാരാളം അസുഖങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ധാരാളമായി എരിവും ചേർക്കാറുണ്ട്. എണ്ണയും എരിവുമെല്ലാം അമിതമായി വരുന്നത് ദഹിക്കാനും മറ്റും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു പുതിയ ചുവടുവയ്പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഓഫീസ് കാന്റീനിന്റെ മെനുവിൽ നിന്നും അനാരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങളായ സമോസ, ബ്രഡ് പക്കോഡ തുടങ്ങിയവയെല്ലാം ഇതോടെ മെനുവിൽ നിന്ന് പുറത്തായി. പകരം ആരോഗ്യ സമ്പുഷ്ടമായ ദാൽ ചില്ല, ഹെൽത്തി കറീസ്, മില്ലറ്റ് റൊട്ടി, മില്ലറ്റ് പുലാവ് തുടങ്ങിയവ ന്യായമായ വിലയിൽ മെനുവിൽ ഉൾപ്പെടുത്തുകയും ചെയ്തു. 10 രൂപയാണ് ദാൽ ചില്ലയ്ക്ക് വിലയായി ഈടാക്കുന്നത്. പ്രഭാതഭക്ഷണത്തിന് 25ഉം, ഉച്ചഭക്ഷണത്തിന് 45ഉം രൂപയുമാണ് ഈടാക്കുന്നത്.
പുതിയ മാറ്റങ്ങൾക്ക് ശേഷം ആളുകളുടെ പ്രതികരണം കൂടി പരിഗണിച്ച ശേഷം കൂടുതൽ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്താനാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നേരിട്ടാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. സൈക്കിൾ ചവിട്ടിയാണ് ഇദ്ദേഹം പലപ്പോഴും പാർലമെന്റിൽ എത്താറുള്ളത്. എല്ലാ ദിവസവും 20 കിലോമീറ്ററിലധികം ദൂരം ഇദ്ദേഹം സൈക്കിൾ ചവിട്ടാറുണ്ട്. കൃത്യമായ യോഗ പരിശീലനം നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Comments