ന്യൂഡൽഹി: ഇന്റർനെറ്റ് സേവനങ്ങൾ നിലച്ച സംഭവത്തിൽ പ്രതികരണവുമായി എയർടെൽ. രാവിലെ 11 മണിയോടെ രാജ്യമെമ്പാടുമുള്ള എയർടെൽ ഉപഭോക്താക്കൾ പരിഭ്രാന്തരായ സാഹചര്യത്തിലാണ് പ്രതികരണം. ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിനെ തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയാതെ ഉപഭോക്താക്കൾ വലിയ അങ്കലാപ്പിലായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി എയർടെൽ രംഗത്തെത്തിയത്. തങ്ങൾക്ക് സാങ്കേതിക തകരാർ പറ്റിയതാണെന്ന് എയർടെൽ ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഉപഭോക്താക്കളെ അങ്കലാപ്പിലാക്കി എയർടെൽ പണിമുടക്കിയത്. റീച്ചാർജ് കാലാവധി തീർന്നുപോയതാണോയെന്ന് പല ഉപഭോക്താക്കളും തെറ്റിദ്ധരിച്ചു. ഫോൺ റീ-സ്റ്റാർട്ട് ചെയ്തും മറ്റും ശരിയാക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്‌ക്ക് 1.30 വരെ പ്രശ്‌നം തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഏകദേശം 12 മണിയോടെ തന്നെ പ്രതികരണവുമായി എയർടെൽ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഇന്റർനെറ്റ് സേവനത്തിൽ ചെറിയ തകരാർ സംഭവിച്ചതാണെന്നും ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർടെൽ പ്രതികരിച്ചു. സേവനങ്ങൾ ഇപ്പോൾ സാധാരണ ഗതിയിലായിട്ടുണ്ടെന്ന് അറിയിച്ച ടെലികോം കമ്പനി എന്ത് തകരാറാണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.
Our internet services had a brief disruption and we deeply regret the inconvenience this may have caused you. Everything is back as normal now, as our teams keep working to deliver a seamless experience to our customers.
— airtel India (@airtelindia) February 11, 2022















