യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം തുടർന്ന് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം ടീസർ. 2.95 മില്യൺ കാഴ്ച്ചക്കാരെയാണ് ആദ്യ 24 മണിക്കൂറിൽ ലഭിച്ചത്. 24 മണിക്കൂറിൽ കൂടുതൽ കാഴ്ച്ചക്കാരെ നേടി ടീസറുകളിൽ മലയാളത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഭീഷ്മ പർവ്വം. ഒന്നാം സ്ഥാനം 4.68 മില്യൺ കാഴ്ച്ചക്കാരുള്ള ആഡാർ ലവ് എന്ന സിനിമയ്ക്കാണ്. കുറുപ്പാണ് മൂന്നാം സ്ഥാനത്തുള്ളത്. മാർച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും.
ബിഗ്ബിയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രത്തിന്റെ അണിയറജോലികൾ പൂർത്തിയായിട്ടുണ്ട്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ നെടുമുടി വേണു, കെപിഎസി ലളിത, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം തുടങ്ങിയ നിരവധി പേരാണ് അഭിനയിച്ചിരിക്കുന്നത്.
ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, ഗാനങ്ങൾ: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഡീഷനൽ സ്ക്രിപ്റ്റ്: രവി ശങ്കർ, അഡീഷനൽ ഡയലോഗ്സ്: ആർ.ജെ. മുരുകൻ.















