ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സഹ കൺവീനർമാരായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും പങ്കിനെക്കുറിച്ച് സ്ഥാപകൻ അഭിജീത്ത് ദിപ്കെ നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ഇരുവരുടെയും നിർദേശങ്ങൾ അനുസരിച്ചാണ് താൻ മുന്നോട്ടുപോയിരുന്നതെന്നും പ്രധാന തീരുമാനങ്ങളിൽ ഇരുവർക്കും നിർണായക പങ്കുണ്ടായിരുന്നുവെന്നും ദിപ്കെ വെളിപ്പെടുത്തി. ഇരുവരും കസ്റ്റഡിയിൽ തുടരുന്നതിനിടെ എക്സിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തിരുന്നതെന്നും അഭിജിത്ത് ദീപ്കെ മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്. ദസറയോടനുബന്ധിച്ച് പുറത്തുവിട്ട വൈകാരികമായ വീഡിയോ സന്ദേശത്തിലാണ് തന്ത്രപരമായി ഇരുവരെയും കുടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
നിലവിൽ ഇരുവർക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ ഈ വെളിപ്പെടുത്തൽ നിർണായകമാണ്. അതേസമയം നൂറിലധികം പാറ്റകൾ കേസും ജയിലുമായി കുടുങ്ങിയ സമയത്ത് അഭിജിത്ത് ദീപ്കെ സമരം നിർത്തുന്നതായി പ്രഖ്യാപിച്ചത് വൻ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. കലാപത്തിൽ പങ്കെടുത്ത് കേസിൽ പ്രതികളായ പലർക്കും കേസ് നടത്താൻ പോലും അഭിഭാഷകരെ കിട്ടാത്ത അവസ്ഥയാണ്.
ഒക്ടോബർ 13-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഐ.ആർ നടപടിക്കെതിരായ പ്രതിഷേധത്തിനിടെ, ഔദ്യോഗികമായി പ്രതിഷേധവേദിയായി നിശ്ചയിച്ചിട്ടില്ലാത്ത ജന്തർ മന്തറിലേക്ക് ഇരുവരും ഗേറ്റ് മറികടന്ന് പ്രവേശിച്ചെന്നും പൊലീസിന്റെ ഔദ്യോഗിക ചുമതലകൾ തടസ്സപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരായ കേസുകൾ.
അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് പിന്നാലെ ഒക്ടോബർ 19-ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി രണ്ടുദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതിനെതിരെ ഇരുവരും ഒക്ടോബർ 20-ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, ഒക്ടോബർ 13-ലെ സംഭവവുമായി ബന്ധപ്പെട്ട കേസുകൾ കൂടുതൽ അന്വേഷണത്തിനായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.















