കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്ക് പന്തീരാങ്കാവില്‍ നിന്ന് ഒരു ബസ് യാത്രയ്ക്ക് ഇടയിലായിരുന്നു ആ കണ്ടുമുട്ടല്‍. ടി.എം രവീന്ദ്രന് പന്തീരാങ്കാവ് ഒരു പാരലല്‍ കോളജില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. രവീന്ദ്രന് കയറിയ അതെ ബസിന്റെ മുന്‍ ഭാഗത്ത് ഒരു യുവതി. അവര്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. കാത്തു നിന്ന ഒരു കുട്ടിയുടെ കൈപിടിച്ച് യാത്രയാകുന്നത് കണ്ട് രവീന്ദ്രന്റെ മനസ്സിടിഞ്ഞു. അവര്‍ ഭര്തൃമതിയായിരിക്കണം. ആ കുട്ടി അവരുടെത് ആയിരിക്കണം. ഒരു നിമിഷം കൊണ്ട് മൊട്ടിട്ട പ്രണയകുസുമം അല്പായുസ്സോടെ അരനിമിഷം കൊണ്ട് കരിഞ്ഞു പോയി.
നിയോഗം എന്നൊന്നുണ്ടല്ലോ. കാലം ചിലത് നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട് ഒരുവര്‍ഷത്തിനകം കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ മലയാളം വകുപ്പില്‍ അധ്യാപകനായി ചേരാനെത്തിയ നിമിഷം രവീന്ദ്രന് ഒട്ടൊന്ന് അമ്പരന്നു. അതെ യുവതി അതെ വകുപ്പില്‍ ഏതാണ്ട് ഒരേ സമയത്ത് സംസ്കൃതാധ്യാപികയായി ചേരാനെത്തിയിരിക്കുന്നു. സംസ്കൃത അദ്ധ്യാപികയായി ഒ.ജെ ചിന്നമ്മയും മലയാളം അദ്ധ്യാപകനായി രവീന്ദ്രനും ആ ദിനത്തില്‍ ഒരുമിച്ച് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചു. ജീവിതത്തോളം നീളുന്ന ഒപ്പായി അത് മാറി.

സ്കൂളിലെ ലൈബ്രറിയുടെ ചുമതല ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മാഷ് സഹായിക്കാന്‍ ചെന്നു. മദ്യപാനികളോട് നീരസമുണ്ടായിരുന്ന ടീച്ചര്‍ക്ക് മദ്യനിരോധന സമിതിയുടെ ജില്ലാ സമിതി അംഗമായിരുന്ന മാഷിനോടും പതിയെ ഒരിഷ്ടം തോന്നി. മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഒരിക്കലും ഉപയോഗിക്കാത്ത പിതാവിന്റെ മകള്‍ എന്ന നിലയില്‍ മദ്യത്തെയും മദ്യപാനത്തെയും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ടീച്ചറും ഒരുക്കമായിരുന്നില്ല. അന്ന് കരിഞ്ഞുപോയ പ്രണയകുസുമം വിരിഞ്ഞ് കാലം കൊണ്ട് ജീവിതത്തില്‍ വസന്തം തീര്‍ത്ത ദിവസങ്ങളായിരുന്നു പിന്നീട്. ‘അനുരാഗ നദിക്ക് വിഘ്നം കൂടാതൊഴുക്കനുവദിക്കുകയില്ല ദൈവം’ എന്നാണല്ലോ കവി വാക്യം. മൈക്കാവ് സ്വദേശിനിയായ ചിന്നമ്മ കൃസ്ത്യാനിയായിരുന്നു.
എന്നാല്‍ രണ്ട് മതസ്ഥരായിരുന്നതിനാല് ടീച്ചറുടെ വീട്ടില്‍ അന്ന് പ്രശ്നങ്ങള്‍ ഉണ്ടായി. സഹോദരങ്ങള്‍ കിഡ്സണ്‍ കോര്‍ണറിലെ ലോഡ്ജില്‍ കൊണ്ടാക്കി. അവിടെ നിന്നും മാഷും അമ്മയും ചേര്‍ന്ന് ടീച്ചറെ വീട്ടിലേയ്ക്ക് കൂട്ടി. ഒടുവില്‍ വരന്റെ വീട്ടില്‍ പന്തലൊരുക്കി ആ മംഗള കര്‍മം നടന്നു. രജിസ്ട്രാറെ വീട്ടില്‍ വരുത്തിച്ച് വിവാഹവും കഴിച്ചു. രണ്ട് പേരും രണ്ട് പേരുടെയും മതങ്ങളില്‍ വിശ്വസിച്ചും ബഹുമാനിച്ചും ജീവിതം മുന്നോട്ടുപോയി.

തങ്ങളുടെ മക്കള്‍ക്കും മതം ചേര്‍ത്തില്ല. വീടിന്റെ പേരിനുമുണ്ട് പ്രത്യേകത, സൂര്യമന്സില്. രവീന്ദ്രന് മാഷിന്റെ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ടീച്ചറും പങ്കുചേര്‍ന്നു. സാമൂഹികവും മതപരവുമായ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ് ഇതര മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യാനെടുത്ത തീരുമാനം പോലെ തന്നെ ധീരമായ നിലപാടുകളാണ് പില്ക്കാലത്ത് ടീച്ചര്‍ ലഹരിക്കെതിരെയും സ്വീകരിച്ചത്. സൂര്യമന്സിലില് പ്രൊഫ.ടി.എം രവീന്ദ്രനും പ്രൊഫ.ഒ.ജെ ചിന്നമ്മയ്ക്കും പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും നാലുപതിറ്റാണ്ടാണ് കഴിഞ്ഞുപോയത്.
അതിനിടെ സംസ്ഥാനത്ത് നടന്ന മദ്യവിരുദ്ധപോരാട്ടങ്ങളില് മുന്നിരപോരാളികളായിരുന്നു ഈ ദമ്പതികള്‍. കക്കാടംപൊയില്‍ ഗ്രാമത്തെ മദ്യമുക്തമാക്കിയത് ഇവരുടെ നേതൃത്വത്തിലാണ്. കോഴിക്കോട്ടെ കുപ്രസിദ്ധകോളനിയായിരുന്ന ബംഗ്ലദേശ് കോളനിയെ ശാന്തിനഗര്‍ കോളനിയാക്കുന്നതിലും ഇവര്‍ മുഖ്യപങ്കുവഹിച്ചു.
മദ്യനിരോധന സമിതിയുടെ സംസ്ഥാന നേതാക്കളാണ് ഇരുവരും. ഇപ്പോള്‍ പച്ചക്കറി കൃഷിയിലേക്ക് കടന്ന് ജൈവപച്ചക്കറിയുടെ വലിയൊരു കലവറ തന്നെ ഒരുക്കി. കാറും കോളുമില്ലാതെ ഇടിവെട്ടിപ്പെയ്യാതെ ഏതോ ഉറവയില്‍ നിന്നും ചാലിട്ടൊഴുകിയ അവരുടെ ജീവിതനദി അനസ്യൂതം ഒഴുകുകയാണ്.















