തൃശ്ശൂർ : സഹപ്രവർത്തകയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. യുവതിയുടെ പ്രവർത്തകയുടെ പരാതിയിലാണ് നടപടി.
കയ്പമംഗലത്തെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ ചിത്രങ്ങളാണ് മൂവരും ചേർന്ന് മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. യുവതിയുടെ പേരും, പദവിയുമുൾപ്പെടെയുള്ള വിവരങ്ങളും ഉൾപ്പെടുത്തി വീഡിയോ നിർമ്മിച്ചായിരുന്നു അപമാനിച്ചത്.
ഇക്കഴിഞ്ഞ ഒൻപതിനാണ് വനിതാ നേതാവിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശോഭാ സുബിനും കൂട്ടരും ചേർന്ന് പ്രചരിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലും, മറ്റ് ഗ്രൂപ്പുകളിലും നേതാക്കൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വനിതാ നേതാവ് പരാതിയുമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 99 (ഇ), 67, ഐടി നിയമത്തിലെ 168, 22 (യു), 354 (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുബിൻ കയ്പമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.
Comments