ഇസ്ലാമാബാദ്: പാക് അധിനിവേശ പ്രദേശങ്ങളായ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ പ്രദേശവാസികൾ ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി. മേഖലയിൽ രത്നങ്ങൾ ഖനനം ചെയ്യുന്നതിനായി സ്വകാര്യ കരാറുകാർക്ക് ലൈസൻസ് നൽകിയ പാകിസ്താൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ പാവപ്പെട്ട ജനങ്ങൾ തങ്ങളുടെ പൂർവ്വിക ഭൂമി സൈന്യവുമായി ബന്ധമുള്ള സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതരാവുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
നാസിർബാദ്, ഹുൻസ, ഗിൽജിത് ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിലെ നിവാസികൾ കരാറുകാരുടെ ലൈസൻസ് റദ്ദാക്കണമെന്നും ഈ അനീതി അനുവദിച്ചതിന് പ്രാദേശിക അധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെരുവിലിറങ്ങി. ഗിൽജിത് ബാൾട്ടിസ്താൻ എന്നിവിടങ്ങളിൽ നിന്നുളള യുവാക്കൾ പ്രതിഷേധവുമായി ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ നഗരങ്ങളിൽ അണിചേർന്നു.
‘പാകിസ്താൻ അധിനിവേശം നടത്തിയ ഗിൽജിത് ബാൾട്ടിസ്ഥാൻ ഒരു തർക്കപ്രദേശമാണ്. നമ്മുടെ രത്നങ്ങൾ ഖനനം ചെയ്യുന്നതിനും കുഴിക്കുന്നതിനുമായി സ്വകാര്യ കരാറുകാർക്ക് ലൈസൻസ് നൽകാൻ പാകിസ്താന് കഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗിൽജിത് ബാൾട്ടിസ്ഥാൻ പർവതനിരകൾ പാകിസ്താനിലേക്ക് കൊണ്ടുപോകുന്നു. അതുപോലെ, ദരിദ്രരായ ആളുകൾ സൈന്യവുമായി ബന്ധമുള്ള പാകിസ്താനിലെ മുതലാളിമാർക്ക് അവരുടെ പൂർവ്വിക ഭൂമി വിട്ടുകൊടുക്കാൻ നിർബന്ധിതരാകുന്നുവെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
ഞായറാഴ്ച പ്രായഭേദമെന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുത്ത വൻ പ്രതിഷേധം നടന്നു. കരാറുകാരനായ മുഹമ്മദ് ദാദയുടെ ലൈസൻസ് റദ്ദാക്കണമെന്നും പ്രാദേശിക അധികാരികളെ നിയമത്തിന് കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്ലാമാബാദ് പ്രസ് ക്ലബ്ബും പ്രതിഷേധത്തിൽ പങ്കുചേർന്നു.
തിരഞ്ഞെടുപ്പ് വേളയിൽ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ജനങ്ങൾക്ക് ജോലി, വിദ്യാഭ്യാസം, അഭിവൃദ്ധി എന്നിവ ഇമ്രാൻ ഖാൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സർക്കാർ ആവിഷ്കരിച്ച നയങ്ങൾ പ്രദേശത്തിന്റെ ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്തുകയും, തദ്ദേശവാസികളുടെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസ്ഥാപിതമായി ഉറപ്പാക്കുകയും ചെയ്യുന്നു. ഇത്തരം നയങ്ങൾ തയ്യാറാക്കുമ്പോൾ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ നിവാസികളോട് കൂടിയാലോചിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Comments