ചണ്ഡീഗഡ് : പഞ്ചാബിൽ കോൺഗ്രസിനെ പിന്തള്ളിക്കൊണ്ട് അധികാരത്തിലേറാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി ഇന്ന് പത്താൻകോട്ടിൽ എത്തും. 117 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
പത്താൻകോട്ടിൽ എത്തുന്ന പ്രധാനമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ അദ്ദേഹം ജലന്ധറിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തിരുന്നു. ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ശക്തമായ ആക്രമണമാണ് പ്രധാനമന്ത്രി നടത്തിയത്. പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്നും കാരണം ആ പാർട്ടിയിലുള്ളവർക്ക് പഞ്ചാബിലെ ജനങ്ങളോട് ഇപ്പോഴും വൈരാഗ്യമുണ്ടെന്നും മോദി പറഞ്ഞു. വികസനത്തിന് തടയിടുന്ന കോൺഗ്രസിനെ അധികാരത്തിൽ നിന്നും താഴെയിറക്കണമെന്നും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചു.
പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ ഏറാനുള്ള സാധ്യതകൾ ഏറെയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി സ്ഥാനത്തിന് വേണ്ടി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തർക്കം നടത്തിയ മത്സരാർത്ഥികൾ കോൺഗ്രസിനെ പരസ്യമായി നാണം കെടുത്തിയ സംഭവം വരെ ഉണ്ടായിരുന്നു. ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments