കൊച്ചി: പീഡന പരാതിയില്‍ ഒളിവിലായിരുന്ന ഐസിയു അഡ്മിന് ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കിയേക്കുമെന്നാണ് വിവരം.
2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്രീകാന്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ടാണ് പരാതി നല്‍കിയത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബലാത്സംഗ പരാതി നിലനില്‍ക്കില്ലെന്നും, യുവതി തന്റെ അടുത്ത സുഹൃത്താണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരുന്നത്. ബലാത്സംഗക്കുറ്റം ചുമത്തിയായിരുന്നു കേസ്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.
സമൂഹമാദ്ധ്യമങ്ങളില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്ന വ്യക്തിയായിരുന്നതിനാല്‍ ശ്രീകാന്തിനോട് വലിയ ആരാധനയായിരുന്നു. ഇത് പിന്നീട് പരസ്പരം പരിചയപ്പെടുന്നതിലേക്കും സുഹൃത്തുക്കളാകുന്നതിലേക്കും നയിച്ചു. അതുകൊണ്ടാണ് പിറന്നാള്‍ ആഘോഷത്തിന് ക്ഷണിച്ചപ്പോള്‍ പോയതെന്നും യുവതി വെളിപ്പെടുത്തി. അന്ന് ഭയം മൂലമാണ് പുറത്തുപറയാതിരുന്നത്. എന്നാല്‍ മറ്റ് പല സ്ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി അറിഞ്ഞതോടെ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
Comments