ന്യൂഡൽഹി : പാൻ കാർഡ് നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ സഹായം തേടി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പിറ്റേഴ്സൺ. തിങ്കളാഴ്ചയാണ് പിറ്റേഴ്സൺ ഇന്ത്യയിലേക്ക് വരുന്നത്. ഐപിഎല്ലിലെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സിനായി അദ്ദേഹം കമന്ററി ചെയ്യുന്നുണ്ട് .
തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് പീറ്റേഴ്സൺ സഹായം തേടിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ നരേന്ദ്ര മോദിയെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. തന്റെ പാൻ കാർഡ് നഷ്ടപ്പെട്ടുവെന്നും ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് അത് പുതുക്കണമെന്നുമാണ് പീറ്റേഴ്‌സൺ പറയുന്നത് .
ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് സോഷ്യൽ മീഡിയ പോസ്റ്റ് . ‘ഇന്ത്യ ദയവായി സഹായിക്കൂ, എനിക്ക് പാൻ കാർഡ് നഷ്ടപ്പെട്ടു, തിങ്കളാഴ്ച ഞാൻ യാത്ര ചെയ്യുന്നു, ഈ കാർഡ് ഇന്ത്യയിൽ ആവശ്യമാണ്. സഹായത്തിനായി എനിക്ക് ബന്ധപ്പെടാൻ കഴിയുന്ന ഒരാളിലേക്ക് ആർക്കെങ്കിലും എന്നെ റഫർ ചെയ്യാൻ കഴിയുമോ?’ പിറ്റേഴ്സൺ കുറിച്ചു.
പിന്നാലെ പീറ്റേഴ്സന്റെ പോസ്റ്റിന് ആദായനികുതി വകുപ്പ് മറുപടി നൽകി, ‘ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങൾക്ക് പാൻ കാർഡ് വിവരങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റൊരു പാൻ കാർഡ് ലഭിക്കുന്നതിന് ഈ സ്ഥലങ്ങളിൽ അപേക്ഷിക്കാം’ എന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് . ആദായ നികുതി വകുപ്പ് ചില ലിങ്കുകളും പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾക്ക് പാൻ കാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഓർമ്മയില്ലെങ്കിൽ ചുവടെയുള്ള ഇ-മെയിലിലും ഞങ്ങൾക്ക് എഴുതാം എന്നും ഡിപ്പാർട്ട്‌മെന്റ് എഴുതിയിട്ടുണ്ട്. ഇതിന് ഇന്ത്യൻ ആദായ നികുതി വകുപ്പിന് പീറ്റേഴ്സൺ നന്ദിയും പറഞ്ഞു.
ഇന്ത്യയിൽ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചതിന് പ്രധാനമന്ത്രിയെ പീറ്റേഴ്‌സൺ അടുത്തിടെ പ്രശംസിച്ചിരുന്നു.















