ന്യൂഡൽഹി: ജമ്മു കശ്മീരിലും രാജസ്ഥാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ)യുടെ മിന്നൽ പരിശോധന. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്ന രഹസ്യാന്വേഷണ ഏജസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന. ലെഷ്‌കർ ഇ-തോയ്ബ, ജെയിഷേ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ പിന്തുണയോടെ ആരംഭിച്ച റെസിസ്റ്റൻസ് ഫ്രണ്ട്, പിഎഎഫ്എഫ് എന്നീ വിഘടനവാദ ഗ്രൂപ്പുകളാണ് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ഗൂഢാലോചനയിൽ പങ്കെടുത്തവരെ പിടികൂടുന്നതിനായാണ് എൻഐഎ റെയ്ഡ് നടത്തിയത്. കശ്മീരിലെ 6 ജില്ലകളിലായി 8 സ്ഥലങ്ങളിലും രാജസ്ഥാനിലെ ജോധ്പൂരിലുമാണ് ഒരേ സമയം പരിശോധന നടത്തിയത്. നിരവധി രേഖകളും സിംകാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും, സ്റ്റോറേജ് ഡിവൈസുകളും കണ്ടെടുത്തു.
കശ്മീരിലെ അതിർത്തി ജില്ലകളായ സോപോർ, കുപ്വാര, ഷോപ്പിയാൻ
, രജൗരി,ബുഡ്ഗാൻ, ഗാൻഡെർബാൽ എന്നിവിടങ്ങളിലായിരുന്നു പരിശോധനയെന്ന് എൻഐഎ വാർത്താകുറിപ്പിൽ അറിയിച്ചു. 2021 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ന്യൂഡൽഹി അടക്കമുള്ള വൻനഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം നടത്തിയെന്നാണ് കേസ്.
രണ്ട് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൻഐഎ ഇതുവരെയായി അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് കശ്മീരിലും രാജസ്ഥാനിലും നടന്ന പരിശോധകളെന്നാണ് സൂചന.
Comments