മോസ്കോ: യുക്രെയ്നിനു നേരെ ഏത് നിമിഷവും റഷ്യയുടെ ആക്രമണമുണ്ടായേക്കാം എന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ അവകാശപ്പെടുന്നത് പോലെ സേനയെ അതിർത്തിയിൽ നിന്നും പിൻവലിച്ചിട്ടില്ലെന്നും, ഇത് അധിനിവേശം തന്നെയാണെന്നും ബൈഡൻ വ്യക്തമാക്കി. റഷ്യയുടെ നീക്കങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കയിൽ ഉപദേഷ്ടാക്കളുമായി ബൈഡൻ ഇന്ന് ചർച്ച നടത്തും.
യുക്രെയ്ൻ അതിർത്തിയിൽ നിന്നും റഷ്യ പിൻവാങ്ങുന്നതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് വളരെ അധികം ഗൗരവകരമായ വിഷയം തന്നെയാണ്. ഏത് നിമിഷവും ഒരു യുദ്ധം യുക്രെയ്ൻ നേരിടേണ്ടി വന്നേക്കാമെന്ന് ജി7 രാജ്യങ്ങൾ ആശങ്ക അറിയിച്ചു.
യുക്രെയ്ൻ അതിർത്തിയിൽ റഷ്യ ഷെല്ലാക്രമണം നടത്തിയ ആരോപണങ്ങൾ നിലനിൽക്കെ, രാജ്യത്ത് നിന്നും അടിയന്തിരമായി മടങ്ങിയെത്താൻ പൗരന്മാരോട് ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ കണക്കുകൂട്ടൽ പ്രകാരം റഷ്യൻ സേന യുക്രെയ്ൻ അതിർത്തിയോട് കൂടുതൽ അടുക്കുകയാണ്. ഇതൊതു ശുഭ സൂചനയല്ല. പുടിൻ മുന്നോട്ട് വെച്ച അവകാശവാദങ്ങൾ തെറ്റാണെന്നും റഷ്യ പിൻവാങ്ങുന്നില്ലെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്നിന് അടിയന്തരമായി സഹായങ്ങൾ ചെയ്ത് നൽകണമെന്നും രാജ്യത്തിന്റെ ആഗോള സുരക്ഷ സംവിധാനങ്ങൾ ഏതുനിമിഷവും തകരുമെന്നുമാണ് മറ്റ് രാജ്യങ്ങൾ അറിയിച്ചത്. യുക്രെയ്നുവേണ്ടി കൂടൂതൽ സുരക്ഷ ഒരുക്കണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി യുഎൻ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Comments