ആലപ്പുഴയിലെ കായംകുളത്ത് മഹേശ്വരി അമ്മ എന്ന പേരിൽ വളർന്നുവന്ന പെൺകുട്ടി.. കടയ്‌ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മൂന്ന് മക്കളിൽ ഒരാൾ.. കുട്ടിക്കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം അഭ്യസിച്ചു. പത്താം വയസിൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നു. അങ്ങനെ മഹേശ്വരി അമ്മ ലളിതയായി..
സിനിമയിൽ വന്നപ്പോഴാണ് ലളിതയുടെ കൂടെ കെപിഎസി എന്ന് കൂടി ചേരുന്നത്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരമാണ് ആദ്യ സിനിമ. അവിടന്നങ്ങോട്ട് സ്വാഭാവിക നടനത്തിലൂടെ എണ്ണിയാലൊതുങ്ങാത്ത ചിത്രങ്ങൾ..
നാടകരംഗത്തിലൂടെ കലാലോകത്ത് എത്തിയ ലളിത വെള്ളിത്തിരയിൽ വന്നതോടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.
സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കുനോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നീ ചിത്രങ്ങൾ കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്റെ മാറ്റുകൂട്ടിയ ചിത്രങ്ങളാണ്. നാടകത്തിലും സിനിമയിലും കൂടാതെ സീരിയലുകളിലും ലളിത സജീവമായിരുന്നു. അമ്മയായും അമ്മായിഅമ്മയായും സഹോദരിയായും ചേട്ടത്തിയായുമെല്ലാം ഓരോ മലയാളിയുടെയും വീട്ടിലെ അംഗമായി മാറി.
1978-ലായിരുന്നു പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഭരതനുമായുള്ള ലളിതയുടെ വിവാഹം. 1998ൽ ഭരതൻ മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ച ലളിതയുടെ മകൻ പ്രശസ്ത അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥാണ്. ശ്രീക്കുട്ടിയെന്ന മകൾ കൂടിയുണ്ട്.















