തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിട്ടിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’ ആണെന്നും അദ്ദേഹം വിമർശിച്ചു.
ഓണാശംസകൾ നേർന്നുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം ആഗ്രഹിച്ചാണ് യു.ഡി.എഫിന് അവസരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും അഞ്ച് ഗ്യാരന്റികളിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. വാക്കുപാലിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ആരോപിച്ചു.
സിപിഎം അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കിയത് സിപിഎമ്മാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംസ്ഥാനത്തിന് 12,500 കോടിയിലധികം കടമുണ്ടെന്നും പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വർഗീയ ശക്തികൾക്ക് മുന്നിൽ യു.ഡി.എഫ് കീഴടങ്ങി’
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പറയുന്ന കാര്യങ്ങൾ മാത്രം നടപ്പാക്കുന്ന നിലയിലേക്ക് സർക്കാർ മാറിയെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ വർഗീയ രാഷ്‌ട്രീയത്തിന് അടിമപ്പെട്ടിരിക്കുന്നു. വന്ദേമാതരം സംബന്ധിച്ച വിഷയത്തിലും സർക്കാർ നിലപാട് നിയമലംഘനമാണ്. സവർക്കറെ സംബന്ധിച്ച് ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്ത സർക്കാർ, കുണ്ടറയിലെ പോലീസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
‘കേരളത്തിലെ വികസനത്തിന് പിന്നിൽ മോദി സർക്കാർ’
എൻ.എച്ച് 66, പുതിയ ഹൈവേ പദ്ധതികൾ, വന്ദേഭാരത്, വിഴിഞ്ഞം പദ്ധതി, റെയിൽവേ വികസനം തുടങ്ങിയവയിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ നിർണായകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ റെയിൽവേ വികസനം വലിയ തോതിൽ നടന്നിട്ടുണ്ട്.
റെയിൽവേ ഡിവിഷൻ പുനഃസംഘടനയെ ചൊല്ലി അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നത്. മംഗളൂരു നിലവിൽ മൂന്ന് റെയിൽവേ ഡിവിഷനുകളുടെ ഭാഗമാണെന്നും പുനഃസംഘടന കേരളത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
റെയിൽവേ വികസനത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. 13 ശതമാനം ഭൂമി മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. കേരളത്തിൽ നടക്കുന്ന വികസനങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംഭാവന എന്താണെന്നും സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നടപ്പാക്കിയെന്നും ജനങ്ങൾ പരിശോധിക്കണം. ബി.ജെ.പി ഇതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
‘മെസി കേസ് സിബിഐ അന്വേഷിക്കണം’
മെസി കേസിൽ വിജിലൻസ് അന്വേഷണം നടത്തുന്നത് എങ്ങനെയാണന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. യഥാർത്ഥത്തിൽ കേസ് സി.ബി.ഐയാണ് അന്വേഷിക്കേണ്ടത്. സംസ്ഥാന സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















