മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളാണ് കെപിഎസി ലളിതയും ഇന്നസെന്റും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വെള്ളിത്തിരയിൽ അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ അവിസ്മരണീയമായ ഹാസ്യരംഗങ്ങളാണ് പിറന്നത്. ധാരാളം സിനിമകളിൽ ഒന്നിച്ചഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായി ഇരുവരും മാറി.
മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ, അങ്ങനെ നീളുകയാണ് ഇരുവരും തകർത്തഭിനയിച്ച സിനിമകളുടെ പട്ടിക.
ചില സിനിമകളിൽ കെപിഎസി തന്നെ വേണമെന്ന് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത അഭിനേത്രിയാണ് കെപിഎസി ലളിത എന്നും ഇന്നസെന്റ് അനുസ്മരിച്ചു. ഈ വിയോഗം തന്നെ വളരെ അധികം ദുഃഖത്തിലാഴ്‌ത്തിയെന്നും ഇന്നസെന്റ് പറയുന്നു.
ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാൽ, മലയാളികൾക്ക് ഇന്നും ഉത്തരമില്ല. കെപിഎസി ലളിത-ഇന്നസെന്റ് കൂട്ടുകെട്ടിൽ പിറന്ന ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചത് തന്നെയാണ്. മണിച്ചിത്രത്താഴിലെ ഭാസുരയും ഉണ്ണിത്താനും, ഗോഡ്ഫാദറിലെ കൊച്ചമ്മിണിയും സ്വാമിനാഥനും അങ്ങനെ നീളുന്നു മലയാളികളുടെ ഇഷ്ട പട്ടിക.
ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.45നാണ് അന്തരിച്ചത്. അഞ്ചു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായിരുന്നു. നാടകരംഗത്തിലൂടെ കലാലോകത്ത് എത്തിയ ലളിത വെള്ളിത്തിരയിൽ വന്നതോടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചിട്ടുണ്ട്.















