കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു.
അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സത്യം പുറത്ത് കൊണ്ടുവരാൻ തുടരന്വേഷണം ആവശ്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു. കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജിയും സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.
Comments