ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് ശശി തരൂർ എംപി. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടെ റഷ്യയിൽ സന്ദർശനം നടത്തിയത് ശരിയായില്ലെന്ന് ശശി തരൂർ കുറിച്ചു. അല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ റഷ്യൻ സന്ദർശനം മതിയാക്കി മടങ്ങി വരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന എ.ബി വാജ്പേയിയെ മാതൃകയാക്കണമെന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ‘1979ൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദർശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദർശനം നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോൾ റഷ്യൻ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കിൽ ഈ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും’ ശശി തരൂർ കുറിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ കാണാനായാണ് ഇമ്രാൻ ഖാൻ മോസ്കോയിൽ എത്തിയത്. റഷ്യയിലെത്തിയ ഇമ്രാൻ ഖാനെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി അലക്സെവിച്ച് റിയാബ്കോവ് സ്വീകരിച്ചു. സാമ്പത്തികമായി തളർന്നു നിൽക്കുന്ന പാകിസ്താനെ കരകയറ്റാൻ വേണ്ടിയാണ് ഇമ്രാൻ ഖാൻ റഷ്യയിലെത്തിയത്. 33 വർഷത്തിന് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തുന്നത്.
Comments