കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കേസിൽ വിശദമായ അന്വേഷണം ആവശ്യമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറി.
അതേസമയം, സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. ഇതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നും ദിലീപ് ആരോപിച്ചു. അതിനാൽ ഇത് അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് പറഞ്ഞു.
തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്ത് കൊണ്ടുവരാൻ തുടരന്വേഷണം ആവശ്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.
Comments