ഡൽഹി : യുദ്ധ ഭൂമിയിൽ നിന്നും വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു .ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്സിയിൽ നിന്ന് ഉക്രെയ്ൻ-റൊമാനിയ വഴി അതിർത്തിയിലേക്ക് പുറപ്പെട്ടു.
ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ ക്യാമ്പ് ഓഫീസുകൾ പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവ്, ചെർനിവ്സി നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി റഷ്യൻ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ക്യാമ്പ് ഓഫീസുകളിൽ നിയോഗിച്ചിട്ടുണ്ട്.
യുദ്ധഭൂമിയിൽ നിന്നും പടിഞ്ഞാറൻ യുക്രെയ്നിലേക്ക് സുരക്ഷിതമായി നീങ്ങാൻ ഇന്ത്യൻ പൗരന്മാരോട് എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു. രക്ഷാദൗത്യത്തിനായുള്ള ഇന്ത്യൻ സംഘം യുക്രെയ്നിലെത്തിയതോടെ ഇന്ത്യൻ പൗരന്മാർ ആത്മവിശ്വാസത്തിലാണ്.
അതിർത്തികൾ വഴിയാണ് ഒഴിപ്പിക്കൽ ദൗത്യം നടക്കുന്നത്. റുമാനിയ, ഹംഗറി അതിർത്തികൾ വഴി ഇന്ത്യക്കാരെ എത്തിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ അതിർത്തിയ്ക്ക് സമീപത്തുള്ള വിദ്യാർത്ഥികളെയാകും ഒഴിപ്പിക്കുക. ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് അതിർത്തി ചെക്ക്പോസ്റ്റുകൾക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥികളോട്, കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ഏകോപനം നടത്തി താമസ സ്ഥലങ്ങളിൽ നിന്നും കൂട്ടമായി തന്നെ പുറപ്പെടാനും, യാത്രയിൽ പാസ്പോർട്ട്, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ കൈവശം വെക്കാനും കിവിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട് .
അതിർത്തി ചെക്ക് പോയിന്റുകളിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ പതാക പ്രിന്റ് എടുത്ത് അവരുടെ കാറുകൾ, ബസുകൾ തുടങ്ങിയ വാഹനങ്ങളിൽ പ്രാധാന്യത്തോടെ ഒട്ടിക്കാനും എംബസി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം, യുദ്ധ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. വ്യോമസേനയ്ക്ക് തയ്യാറായിരിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിൽ തന്ത്രപ്രധാനമായ ഇടപെടൽ ആണ് കേന്ദ്ര സർക്കാർ നടത്തുന്നത്. മുഴുവൻ പൗരന്മാരെയും തിരികെയെത്തിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും തേടാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്ര സർക്കാർ വ്യക്ത്മാക്കിയിരുന്നു.
യുദ്ധഭൂമിയിൽ ‘അടിയന്തിര ഇവാക്വേഷൻ’ നടപടികൾ ആരംഭിച്ചതോടെ നരേന്ദ്ര മോഡി സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളുടെ ഫലം കൂടിയാണ് വിജയം കാണുന്നത്. മുൻപ് , ഇറാഖ് , ലിബിയ, അഫ്ഗാനിസ്ഥാൻ ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ ലോക രാജ്യങ്ങൾ പ്രശംസിച്ചിരുന്നു . നരേന്ദ്ര മോദി , ഇന്ത്യക്കാരെ തിരികെയെത്തിക്കുമ്പോൾ , തങ്ങളെ ഇമ്രാൻ ഖാൻ തിരിഞ്ഞു നോക്കുന്നില്ലെന്ന് പാക്കിസ്താൻ വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നുണ്ട് .
Comments