കാസർകോട്: വളർത്തു നായ ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ച് എക്സറെ എടുത്തപ്പോൾ വയറിനുള്ളിൽ കണ്ടത് എൻ 95 മാസ്ക്. രണ്ട് വയസ് പ്രായം വരുന്ന ലാബ്രഡർ ഇനത്തിലുള്ള ടോബി എന്ന വളർത്തുനായയുടെ വയറ്റിൽ നിന്നാണ് മാസ്ക് പുറത്തെടുത്തത്. നീലേശ്വരം സ്വദേശിയായ രാജന്റേതാണ് നായ. ശസ്ത്രക്രിയയിലൂടെയാണ് മാസ്ക് പുറത്തെടുത്തത്.
രാജന്റെ ഭാര്യയുടെ മാസ്ക് തന്നെയാണ് ടോബി കടിച്ചെടുത്ത് അകത്താക്കിയത്. ആദ്യത്തെ ഒരാഴ്ച്ച അസ്വസ്ഥതകൾ ഒന്നും തന്നെ നായ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദിയും ക്ഷീണവുമായി. പിന്നാലെ കാഞ്ഞങ്ങാട്ടെ വെറ്റിനറി ഡോക്ടറെ കാണിക്കുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് കണ്ണൂർ ജില്ലാ വെറ്റിനറി ആശുപത്രിയിലേക്കും മാറ്റി.
വയറിനുള്ളിൽ മാസ്ക് തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നായ ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പയ്യന്നൂരിലെ ക്ലിനിക്കിൽ എത്തിച്ച് ദിവസവും രാവിലെ ഗ്ലൂക്കോസ് നൽകുന്നുണ്ട്. നായ എത്രയും വേഗം സുഖംപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് രാജൻ.
Comments