ധാർമ്മികതയുടെ സർട്ടിഫിക്കറ്റ് ഇന്ത്യയ്ക്ക് ആരും നൽകേണ്ടതില്ല. നെഞ്ചുയർത്തി ഇന്ത്യൻ പ്രധാനമന്ത്രി ഇത് പറയുമ്പോൾ ഒരിക്കൽകൂടി തകർന്നുവീഴുകയാണ് ലോകരാഷ്‌ട്രങ്ങളുടെ കാപട്യം. ഇന്ന് ലോകത്തെ ചെറുരാജ്യങ്ങളടക്കം ഇന്ത്യയെ ഉറ്റുനോക്കുന്നു. കാരണം അവരെ അവശ്യസമയത്ത് ഭക്ഷണവും മരുന്നും ജീവകാരുണ്യസഹായവും നൽകി വാക്കുപാലിക്കുകയാണ് ഈ രാജ്യവും നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയും.
സമീപകാലത്തെ എല്ലാ വിഷയത്തിലും ലോകരാഷ്‌ട്രങ്ങളുടേയും ഐക്യരാഷ്‌ട്രസഭയുടേയും നിസ്സംഗതയെ തള്ളിപ്പറയാൻ നരേന്ദ്രമോദിയും ജയശങ്കറും ഹർഷവർദ്ധൻ ഷ്രിംഗ്ലയും തിരുമൂർത്തിയും മടികാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ലോകരാഷ്‌ട്രങ്ങളുടെ നടപടികളെ ഐക്യരാഷ്‌ട്രസഭ തൊട്ട് അഫ്ഗാൻ വിഷയത്തിലും നിലവിൽ യുക്രയ്ൻ വിഷയത്തിലും ഇന്ത്യ പലതവണ തള്ളിപറഞ്ഞുകഴിഞ്ഞു. അതിനാൽ തന്നെ ലോകരാഷ്‌ട്രങ്ങളുടെ ഒരു സമ്മർദ്ദങ്ങൾക്കും അടിപ്പെടാത്ത ഇന്ത്യൻ കരുത്തും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ ശക്തമായ നിലപാട് ലോക ശ്രദ്ധ നേടുകയാണ്.
ആരേയും സഹായിക്കാനറിയാത്ത ഒരു കൂട്ടത്തെ നയിച്ചുകൊണ്ട് സ്വന്തം നാട്ടിൽ പോലും പിന്തുണയില്ലാതെ മാറിയിരിക്കുന്നു ജോബൈഡനെന്ന അമേരിക്കൻ പ്രസിഡന്റും. നാല് ലോകനേതാക്കളുടെ യഥാർത്ഥ രൂപമെന്തെന്ന് ലോക ജനത കൃത്യമായി മനസ്സിലാക്കിയിരിക്കുന്ന ഈ ഒരാഴ്ചകൊണ്ട്. യുക്രയ്നിന്റെ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയത് അമേരിക്കയും നാറ്റോസഖ്യവുമാണ്.
ഇന്ന് യുദ്ധമുഖത്ത് തകർന്നടിഞ്ഞു നിൽക്കുമ്പോൾ റഷ്യയുടെ അപ്രമാദിത്യത്തെ ചോദ്യം ചെയ്തത് നരേന്ദ്രമോദി മാത്രം. അവിടേയും അക്രമം അവസാനിപ്പിക്കണെന്ന് നേരിട്ട് പറയാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കായി. ഒപ്പം യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളെ വിശ്വാസത്തിലെടുത്ത് മുഴുവൻ ഭാരതീയരേയും പുറത്തുകടത്താനുള്ള നീക്കവും വിജയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ നടത്തിയ നയതന്ത്രനീക്കങ്ങൾ റഷ്യയുടേയും യുക്രയ്നിന്റേയും സാംസ്‌കാരികമായ ബന്ധത്തെ മുൻനിർത്തിയായിരുന്നു എന്നതും ശ്രദ്ധേമാണ്. ഇന്ത്യ ഒരുകാലത്തും ശത്രുതാ മനോഭാവ മൂലമുള്ള അകൽച്ച കൂട്ടാനോ മുറിവുകളിൽ വീണ്ടും മുളകുവാരിയിടുന്ന തരത്തിലുള്ള നിലപാടുകളോ എടുത്തിട്ടില്ല.
പുടിൻ മാസങ്ങളായി എടുത്ത തയ്യാറെടുപ്പുകളും അതിർത്തിയിൽ നടത്തിയ സൈനിക നീക്കവും സുഹൃദ് രാജ്യങ്ങളുടെ മേഖലയിൽ നടത്തിയ സൈനിക അഭ്യാസവും ഒരു യുദ്ധത്തിലേക്ക് എത്തുമെന്ന് പോലും ലോകരാഷ്‌ട്രങ്ങൾക്ക് മനസ്സിലായില്ലെന്നതാണ് പുടിന്റെ ബുദ്ധിയും ലോകശക്തികളുടെ പരാജയവും. നാറ്റോ സഖ്യത്തിനൊപ്പം ചേരാനുള്ള യുക്രെയ്‌ന്റെ ആഗ്രഹത്തിനെതിരെയാണ് പുടിൻ രണ്ടു പതിറ്റാണ്ടു മുന്നേ മുന്നറിയിപ്പ് നൽകിയത്. യൂറോപ്യൻ യൂണിയിനിൽ നിന്ന് അകന്നു നിൽക്കുന്ന റഷ്യ യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത് മുതൽ ശക്തമായ വിയോജിപ്പിലായിരുന്നു. പഴയ യുഎസ്എസ്ആറിന്റെ അതേ പ്രൗഢി സൈനികപരമായും വ്യാവസായിക പരമായും പിന്തുടരുന്ന റഷ്യ തങ്ങളുടെ വിശാല സോവിയറ്റിന്റെ ഭാഗമായിരുന്ന യുക്രെയ്നെ ഒരു രാജ്യമായി അംഗീകരിച്ചിട്ടേയില്ല. റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ കെജിബി തലവനായിരിക്കേ അതും രാഷ്‌ട്രീയത്തിലെത്തുന്നതിന് മുന്നേതന്നെ പുടിൻ എടുത്തിരുന്ന നയം സുവ്യക്തമായിരുന്നു.
റഷ്യയുടേും ചൈനയുടേയും രീതികൾ ഏഷ്യൻ മേഖലയുടെ ഭാഗമായ ഇന്ത്യ മനസ്സിലാക്കിയിടത്തോളം ലോകത്തിലെ മാറ്റരാും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് നരേന്ദ്രമോദിയുടെ നയതന്ത്ര വിജയം. റഷ്യയേയും ഇറാനേയും സാംസ്‌കാരികമായും വാണിജ്യപരമായും സമീപിക്കാൻ നരേന്ദ്രമോദി എന്നും ശ്രമിച്ചു. ഉറ്റബന്ധത്തിൽ നിർത്താനും ഇവരെക്കൊണ്ട് തന്നെ ചൈനയുടെ ഹുങ്കിനെ സമർത്ഥമായി തടയാനും നരേന്ദ്രമോദിക്കായി എന്നതാണ് സമീപകാല യാഥാർത്ഥ്യം.
കൊറോണ നയതന്ത്രത്താൽ ലോകത്തെ എല്ലാവർക്കും ആശ്രയിക്കാവുന്ന സ്വാർത്ഥതയില്ലാത്ത മുതലെടുപ്പുകൾ നടത്താത്ത സമ്മർദ്ദ തന്ത്രങ്ങൾ പയറ്റാത്ത രാജ്യമായി ഇന്ത്യ യുക്രെയ്ൻ-റഷ്യാ വിഷയത്തിലും ചൈന-തായ് വാൻ വിഷയത്തിലും തലയുയർത്തി നിൽക്കുകയാണ്. കാരണം ഇന്ത്യയും നരേന്ദ്രമോദിയും ഉയർത്തിപ്പിടിക്കുന്നത് ലോകസമാധാനവും സഹവർത്തിത്വവും മാത്രമാണ്. അത് ആയുധക്കരുത്തുകൊണ്ടല്ല മറിച്ച് എല്ലാവരേയും നെഞ്ചോട് ചേർക്കാനുള്ള വിശാലമായ വീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്. അതിനാൽ നരേന്ദ്രമോദിയുടെ വാക്കുകൾ ഇന്ത്യൻ ജനത ലോകത്തെമ്പാടും ദേശീയ പതാക നെഞ്ചോട് ചേർത്തും വാഹനത്തിൽ പതിപ്പിച്ചും ഉറക്കെ പറയുകയാണ്. ധാർമ്മികതയുടെ സർട്ടിഫിക്കറ്റ് ഇന്ത്യക്ക് ആരും ചാർത്തിതരേണ്ടതില്ല എന്ന്.














