തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും ഇന്ത്യൻ നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാർ കളക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനം റൊമേനിയയിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 30ൽ അധികം മലയാളികൾ വിമാനത്തിൽ ഉണ്ടെന്നാണ് വിവരം. ഏഴ് മണിക്കൂറാണ് യാത്ര. ഇന്ത്യൻ സമയം രാവിലെ 9.30ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും.
Comments