കാനഡ: യുക്രെയ്‌നിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനം നടത്തിയാണ് യുക്രെയ്‌ന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ചത്.
റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കുന്ന യുക്രെയ്‌ന് സൈന്യത്തിന് ആയുധ – സാമ്പത്തിക സഹായം നൽകുന്നത് പൂർവ്വാധികം ശക്തിയോടെ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തും. 228 മില്യൺ അമേരിക്കൻ ഡോളറിന്റെ എണ്ണ ഉൽപ്പന്നങ്ങളാണ് കഴിഞ്ഞ വർഷം റഷ്യയിൽ നിന്ന്് ഇറക്കുമതി ചെയ്തത്.
മറ്റ് വ്യാപാര-വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. അന്താരാഷ്‌ട്ര തലത്തിൽ പണം ഇടപാടുകൾ നടത്തുന്നതിനായി ബാങ്കുകൾ ഉപയോഗപ്പെടുത്തുന്ന സ്വിഫ്റ്റ് സംവിധാനത്തിൽ നിന്നും റഷ്യയെ അതിനോടകം തന്നെ കാനഡ നീക്കം ചെയ്തിട്ടുണ്ട്.
റഷ്യൻ പൗരൻമാർക്കോ അവിടെ ബാങ്ക് അക്കൗണ്ട് ഉള്ളവർക്കോ കനേഡിയൻ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്താൻ സാധിക്കില്ല. റഷ്യൻ കരസേനയുടെ മുന്നേറ്റം തടയുന്നതിനായി 100 കാൾ ഗസ്റ്റാഫ് ടാങ്ക് പ്രതിരോധ ആയുധങ്ങളും 2000 റോക്കറ്റുകളും ഉടൻ തന്നെ യുക്രെയ്ൻ സൈന്യത്തിന് കൈമാറുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
Comments